ലക്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മുന്‍ സർക്കാർ ആരംഭിച്ച പരിസ്ഥിതി സംബന്ധമായ പ്രവർത്തനങ്ങൾ യോഗി ആദിത്യനാഥ് തടസപ്പെടുത്തിയതായും ഇത് സംസ്ഥാനത്തെ പല നഗരങ്ങളിലും ഉയർന്ന തോതിലുള്ള മലിനീകരണത്തിന് കാരണമായതായും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിലെ ഏറ്റവും മലിനമായ 30 നഗരങ്ങളിൽ പത്ത് നഗരങ്ങള്‍ ഉത്തർപ്രദേശിൽ നിന്നുള്ളവയാണ്, സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ലഖ്‌നൗ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണെന്നും സ്വിസ് ടെക്നോളജി കമ്പനിയുടെ 2020ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പരാമര്‍ശിച്ചുകൊണ്ട് അഖിലേഷ് ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ബുലന്ദ്ഷെഹര്‍, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ,കാണ്‍പൂര്‍, ലക്നൗ, മീററ്റ്, ആഗ്ര, മുസഫര്‍നഗര്‍ തുടങ്ങിയവയാണ് പട്ടികയിലുള്ള 10 നഗരങ്ങള്‍.
സമാജ്‌വാദി പാർട്ടി സർക്കാരിന്റെ പൊതുഗതാഗത മെട്രോ, സൈക്കിൾ ട്രാക്ക്, ഗോമതീ റിവർഫ്രണ്ട് പാർക്ക്, സഫാരി തുടങ്ങിയ പരിസ്ഥിതി സൗഹാര്‍ദ പദ്ദതികള്‍ ബിജെപി സര്‍ക്കാര്‍ നിർത്തലാക്കിയിരുന്നില്ലെങ്കില്‍ ഈ ഗതി സംസ്ഥാനത്തിന് കാണേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.