ഗുവാഹത്തി: ജയിലിൽ കഴിയുന്ന വിവരാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസാഗർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിട്ടാണ് വെള്ളിയാഴ്ച അസം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.
ALSO READ: അസമിൽ കൊവിഡ് ബാധിതർ 3,24,979
ഗൊഗോയിയെ സുരക്ഷ സന്നാഹങ്ങളോടെയാണ് അസം നിയമസഭയിലെത്തിച്ച് പ്രോ ടേം സ്പീക്കർ ഫണി ഭൂഷൺ ചൗധരിയ്ക്കു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചത്. ജയിലിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനു പുറമെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സത്യപ്രതിജ്ഞ ചെയ്ത അസമിലെ ആദ്യ അംഗമായും ഗൊഗോയ് ചരിത്രത്തില്‍ ഇടംപിടിച്ചു.
കോടതി അനുമതി നൽകിയതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചടങ്ങിൽ ഗൊഗോയി പങ്കെടുത്തത്. അസമിലെ താഴേക്കിടയിലുള്ള ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം കൂടുതൽ ജനാധിപത്യപരമായി സഭയ്ക്കുള്ളിൽ നിന്ന് തുടരാനാകുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.
തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ജയിലിൽ മോചനത്തിത്തിനായി ഇനിയൊരുപാട് കടമ്പകള്‍ മുന്നിലുണ്ടെന്ന് സംസ്ഥാനത്തെ നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
അസമിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരില്‍ 2019 ഡിസംബറിലാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കേസ് അന്വേഷണം സർക്കാർ പിന്നീട് എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. മാവോയിസ്റ്റുകളുമായി ഗൊഗോയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.