റായ്‌പൂർ: പുതിയ ചിത്രത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അജയ് ദേവ്ഗൺ, സിദ്ധാർഥ് മൽഹോത്ര, സംവിധായകൻ ഇന്ദ്രകുമാർ എന്നിവർക്കെതിരെ പരാതി. അജയ് ദേവ്ഗൺ നായകനായെത്തുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിൽ തങ്ങളുടെ ആരാധന മൂർത്തിയായ ചിത്രഗുപ്‌തനെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് റായ്‌പൂരിലെ കായസ്‌ത സമുദായമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രഗുപ്‌തനെ പരിഹസിക്കുകയും സിനിമയിൽ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയ്‌ലറിൽ ചിത്രഗുപ്‌തനായി ബ്ലേസറും പാന്‍റ്‌സും ഷർട്ടും ധരിച്ച് അജയ് ദേവ്‌ഗണിനെ അവതരിപ്പിച്ചിരിക്കുന്നത് കാണാം. ചിത്രത്തിൽ ചിത്രഗുപ്‌തന്‍റെ കഥാപാത്രം മോശം തമാശകളും ആക്ഷേപകരമായ വാക്കുകളും ഉപയോഗിച്ചുവെന്നും ആരോപണം ഉയരുന്നു.
സിദ്ധാർഥ് മൽഹോത്രയ്ക്ക് അപകടം സംഭവിക്കുന്ന രംഗത്തോടെയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് സിദ്ധാർഥ് ചിത്രഗുപ്‌തനെ അവതരിപ്പിക്കുന്ന അജയ് ദേവ്‌ഗണിന്‍റെ അടുത്ത് എത്തുന്നതും ദേവ്‌ഗൺ നീതിന്യായ കോടതിയിലെ സിദ്ധാർഥിന്‍റെ കഥാപാത്രത്തിന്‍റെ പ്രവൃത്തികളുടെ കണക്ക് കാണിക്കുകയും ചെയ്യുന്നു.
കായസ്‌ത വിഭാഗത്തിൽപ്പെട്ട ആളുകൾ റായ്‌പൂരിലെ ബിജെപി നേതാവ് സഞ്ജയ് ശ്രീവാസ്‌തവയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഒക്‌ടോബർ 25നാണ് അജയ് ദേവ്ഗൺ ചിത്രം താങ്ക് ഗോഡ് റിലീസ് ചെയ്യുക.