ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ പരിഷ്‌കരണവുമായി കമ്പനി. വിമാനത്തിലെ യാത്രികരെ ഇന്നുമുതല്‍ സ്വാഗതം ചെയ്യുക പുതിയ സന്ദേശം പുറപ്പെടുവിച്ചാണ്. എയർ ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലാണ് ഇക്കാര്യം പറയുന്നത്.
ALSO READ: 69 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്
'പ്രിയ അതിഥികളേ, ഇത് നിങ്ങളുടെ ക്യാപ്റ്റനാണ് (പേര്) സംസാരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ വിമാനത്തിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന്, എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമാകുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും നവീകരിച്ചതിനാല്‍, പ്രതിബദ്ധതയും അഭിനിവേശവും ചോരാതെ നിങ്ങളെ സേവിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു.
എയർ ഇന്ത്യയുടെ ഭാവിയിലേക്ക് സ്വാഗതം! നിങ്ങൾ ഈ യാത്ര ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു." ഇങ്ങനെയാവും വിമാനത്തില്‍ യാത്രികരെ സ്വാഗതം ചെയ്‌തുകൊണ്ട് അനൗണ്‍സ്‌മെന്‍റ് നടത്തുകയെന്ന് കമ്പനി അറിയിച്ചു. 18,000 കോടിയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടേതായി.
കടത്തില്‍ 15300 കോടി ടാറ്റ ഏറ്റെടുക്കും
കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി കേന്ദ്രസര്‍ക്കാരിന് പണമായി കൈമാറും. 69 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ടാറ്റ എയര്‍ലൈന്‍സിനെ കേന്ദ്രസര്‍ക്കാര്‍ ദേശസാത്കരിച്ച് എയര്‍ ഇന്ത്യ ആക്കുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന എയർ ഇന്ത്യ ലേലത്തിൽ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയർമാനുമായ അജയ് സിങ് ബിഡ് സമർപ്പിച്ചിരുന്നു. ലേലത്തിൽ ടാറ്റ ഗ്രൂപ്പിന്‍റെ 18,000 കോടി രൂപയുടെ ബിഡ് മികച്ചതായി കണ്ടെത്തി. തുടർന്ന് ലേലത്തിൽ ടാറ്റ വിജയിച്ചതായി ഒക്ടോബർ എട്ടിന് സർക്കാർ പ്രഖ്യാപനം ഉണ്ടായി.