ന്യൂഡല്‍ഹി : വിമാനത്തിന്‍റെ കോക്‌പിറ്റില്‍ വനിത സുഹൃത്തിനെ കയറ്റിയ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ.ഡല്‍ഹി- ലേ വിമാനത്തില്‍ കഴിഞ്ഞ ആഴ്‌ചയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ പൈലറ്റ് തന്‍റെ പെണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി കോക്‌പിറ്റില്‍ കയറ്റിയതിന് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം.
എഐ-445 എയര്‍ക്രാഫ്‌റ്റ് വിമാനത്തിന്‍റെ കോക്‌പിറ്റില്‍ അജ്ഞാതയായ ഒരു സ്‌ത്രീ പ്രവേശിച്ചുവെന്ന ക്യാബിന്‍ ക്ര്യൂവിന്‍റെ പരാതിയെ തുടര്‍ന്നാണ് രണ്ട് പൈലറ്റുമാര്‍ക്കെതിരെ എയര്‍ ഇന്ത്യ നടപടി സ്വീകരിച്ചത്. 'എഐ-445ന്‍റെ പൈലറ്റുമാര്‍ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്‌ത്രീയെ കോക്‌പിറ്റില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, എയര്‍ ഇന്ത്യ രണ്ട് പൈലറ്റുമാരെയും പുറത്താക്കി'- എയര്‍ ഇന്ത്യ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഡയറക്‌ടര്‍ ഓഫ് സിവില്‍ ഏവിയേഷന്(ഡിജിസിഎ) സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചു. ഞങ്ങള്‍ ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്. വ്യക്തമായ അന്വേഷണത്തിന് എയര്‍ ഇന്ത്യ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ എയര്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല' - ഡിജിസിഎ അറിയിച്ചു.
ലേ റൂട്ട് പ്രയാസമേറിയ പാത : ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യത്തെ ഏറ്റവും പ്രയാസമേറിയ ആകാശപാതയാണ് ലേ റൂട്ട്. അതിനാല്‍ തന്നെ അപരിചിത വ്യക്തിയെ കോക്‌പിറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നത് വാണിജ്യ വിമാനങ്ങളുടെ നിയമങ്ങള്‍ക്ക് എതിരാണ്.
'ലേ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുക എന്നാല്‍ അല്‍പം പ്രയാസമേറിയ കാര്യമാണ്. രാജ്യത്തിന്‍റെ പ്രതിരോധ സേനയുടെ താവളങ്ങളായതിനാല്‍ തന്നെ ഉയര്‍ന്ന മലനിരകളും പരിസ്ഥിതി ലോല മേഖലകളും ഉള്‍പ്പെടുന്നതിനാല്‍ ലേയിലേയ്‌ക്കുള്ള ആകാശപാത പ്രയാസമേറിയതാണ്. ഇത്തരം മേഖലകളില്‍ ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യമുള്ള, മികച്ച പൈലറ്റുമാരെ മാത്രമേ അനുവദിക്കുകയുള്ളൂ'- ഏവിയേഷന്‍ വിദഗ്‌ധന്‍ വിപുല്‍ സക്‌സേന പറഞ്ഞു.
പെണ്‍സുഹൃത്തിനെ കോക്‌പിറ്റില്‍ കയറ്റി പൈലറ്റ് : ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ദുബായില്‍ നിന്നും ഡല്‍ഹിയിലേയ്‌ക്ക് പുറപ്പെട്ട എഐ-915 എയര്‍ ഇന്ത്യ വിമാനത്തിലെ കോക്‌പിറ്റില്‍ തന്‍റെ പെണ്‍സുഹൃത്തിനെ കയറ്റിയ പൈലറ്റിന്‍റെ ലൈസന്‍സ് ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കോക്‌പിറ്റിന്‍റെ നിയമ ലംഘനങ്ങളെ തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ എയര്‍ലൈന് 30 ലക്ഷം രൂപ ഡിജിസിഎ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
തെറ്റായ സന്ദേശം നല്‍കി വിമാനം താഴെയിറക്കി : കാറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്നും സ്‌പൈസ് ജെറ്റ് വിമാനം ഉടനടി താഴെയിറക്കണമെന്നും തെറ്റായ സന്ദേശം നല്‍കിയ സംഭവത്തിലും അന്വേഷണം തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേയ്‌ക്കുള്ള വിമാനമാണ് അടിയന്തരമായി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കണമെന്ന് സന്ദേശം നല്‍കിയത്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഇറക്കുന്നതിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും ലാന്‍ഡ് ചെയ്യാതെ പൂനെയിലേയ്‌ക്ക് തന്നെ തിരിക്കുകയായിരുന്നു.
ഫയര്‍ ലൈറ്റ് അബദ്ധത്തില്‍ തെളിയിച്ചു : അടുത്തിടെ വിമാനത്തിലെ ഫയര്‍ ലൈറ്റ് അബദ്ധത്തില്‍ തെളിയിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കിയ സംഭവവുമുണ്ടായിരുന്നു. ഡല്‍ഹി-ശ്രീനഗര്‍ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പൈലറ്റ് അബദ്ധത്തില്‍ ഫയര്‍ ലൈറ്റ് പ്രകാശിപ്പിച്ചത്. ഇതേതുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബി7ബി3 എയര്‍ക്രാഫ്‌റ്റ് ഓപ്പറേറ്റിങ് ഫ്ലൈറ്റ് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറക്കണമെന്ന് സന്ദേശം നല്‍കിയത്. സന്ദേശം ലഭിച്ചയുടന്‍ വിമാനം ഇറക്കുന്നതിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിമാനം ലാന്‍ഡ് ചെയ്യാതെ പൂനെയിലേയ്‌ക്ക് തന്നെ തിരിക്കുകയായിരുന്നു.