ഹൈദരാബാദ്: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ഒവൈസി തീരുമാനം പ്രഖ്യാപിച്ചത്. കർണാടകയിലെ ഗുൽബർഗ നോർത്തിൽ ഏലിയാസ് ഭഗവാൻ സേത്ത് എഐഎംഐഎമ്മിന്‍റെ സ്ഥാനാർഥിയാകുമെന്നും ഒവൈസി അറിയിച്ചു. 2023 ൽ ആണ് കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ്. ബംഗാളിൽ എഐഎംഐഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ വ്യാഴാഴ്‌ച തുടങ്ങാനിരിക്കെയാണ് ഒവൈസിയുടെ പുതിയ പ്രഖ്യാപനം. മുസ്ലിം ഭൂരിപക്ഷ മേഖലയായ മെറ്റിബ്രൂസിൽ ഒവൈസിയുടെ റാലിയോടെയാണ് ബംഗാളിലെ പ്രചരണം ആരംഭിക്കുന്നത്.
ഗുജറാത്തിലെ ആറ് കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എഐഎംഐഎം സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയിരുന്നു. നാളെയാണ് ഗുജറാത്തിൽ വോട്ടെണ്ണൽ. ഈ വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമാ താരം കമൽഹാസന്‍റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസിയുടെ പാർട്ടി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം നടന്ന ഹൈദരബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 44 സീറ്റുമായി ബിജെപിക്ക് പിന്നിൽ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജിഡിഎസ്‌എഫ് മുന്നണിയിൽ മത്സരിച്ച എഐഎംഐഎം സീമാഞ്ചൽ മേഖലയിൽ മത്സരിച്ച 14 ൽ അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.