ഹൈദരാബാദ്: യോഗി ആദിത്യനാഥിന്‍റെ തലമുറ അവസാനിച്ചാലും ഹൈദരാബാദ് എന്ന പേര് നിലനിൽക്കുമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദിലെ മൽക്കാജ്‌ഗിരിയിൽ നടന്ന മെഗാ റോഡ്ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ്‌രാജെന്നും പുനർനാമകരണം ചെയ്‌തു. പിന്നെ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ സാധിക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ചോദിച്ചിരുന്നു. നിങ്ങളുടെ മുഴുവൻ തലമുറയും അവസാനിക്കും, എന്നാൽ ഹൈദരാബാദ് എന്ന പേര് മാറാൻ പോകുന്നില്ല. തെരഞ്ഞെടുപ്പ് ഹൈദരാബാദിനും ഭാഗ്യനഗറിനും ഇടയിലാണ്, ഹൈദരാബാദിന്‍റെ പേര് മാറ്റാൻ ആഗ്രഹിക്കാത്തവർ മജ്‌ലിസിന് വോട്ടുചെയ്യണമെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചത്.