ഛത്തീസ്‌ഗഢ്: നക്‌സല്‍ ആക്രമണങ്ങളുടെ ഭീതിയില്‍ നിന്നും ജീവിതത്തില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ പഠിക്കുകയാണ് ഈ കുട്ടികള്‍. അമ്പെയ്ത്തില്‍ പരിശീലനം നേടുകയാണ് ഛത്തീസ്‌ഗഢിലെ കൊണ്ഡഗാവില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. കമാന്‍ഡന്‍റ് സുരേന്ദ്ര ഖത്രിയാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ (ഐടിബിപി) 41-ആം ബറ്റാലിയനിലെ കമാന്‍ഡറാണ് അദ്ദേഹം. 2016 മുതല്‍ പ്രാദേശത്തെ 75-ഓളം കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം ലഭ്യമാക്കി.
ഇവിടെ എല്ലാ കുട്ടികളേയും പരിശീലിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ മനസുവെച്ചാല്‍ എന്തും നേടിയെടുക്കാമെന്നുള്ള തത്വം പാലിച്ചു കൊണ്ടാണ് ഐടിബിപി കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്‍കാന്‍ മുതിര്‍ന്നത്.
കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ തുടക്കത്തില്‍ വെല്ലുവിളികളുണ്ടായിരുന്നു. പരിശീലനത്തിനാവശ്യമായ അമ്പും വില്ലുമൊക്കെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്‌തവയാണ്. ഇതിനാവശ്യമായ തുക ഐടിബിപി കണ്ടെത്തി.
സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും ജീവിതത്തില്‍ മുന്നേറാന്‍ കരുത്തുറ്റ സ്വപ്‌നങ്ങള്‍ കാണുകയാണ് ഈ കുട്ടികള്‍. ഭാവി കരുപ്പിടിപ്പിക്കാനുള്ള യത്നത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഇവര്‍. തങ്ങളുടെ ജീവിതത്തിന് അര്‍ഥമുണ്ടാകാന്‍ ലക്ഷ്യം പിഴയ്ക്കാതെ അമ്പെയ്യുകയാണ് ഈ കുട്ടികള്‍.