ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ഡൽഹി എയിംസിലെ ശിശുരോഗ വിഭാഗത്തിലെ നഴ്‌സുമാർക്ക് മൂന്ന് ദിവസത്തെ പരിശീലന പരിപാടി. ആശുപത്രിയുടെ കൊവിഡ് വിഭാഗത്തിലെ എല്ലാ വാർഡുകളിൽ നിന്നുമുള്ള നഴ്‌സുമാർക്കും പരിശീലനം നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു.
എയിംസ് ഡൽഹി നഴ്‌സിങ് കോളജാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗം കുട്ടികളെയും ബാധിച്ചിരുന്നു. അതിൽതന്നെ മിക്ക കുട്ടികളിലും കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു.
എയിംസും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിൽ 18 വയസിന് താഴെയുള്ളവരിൽ 55.7 ശതമാനവും 18 വയസിന് മുകളിലുള്ളവരിൽ 63.5 ശതമാനവുമാണ് കൊവിഡ് സെറോ പ്രിവലൻസെന്നും കണ്ടെത്തിയിരുന്നു.
Also Read: Covid 19 : മൂന്നാം തരംഗ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കുട്ടികളെ ബാധിക്കുമെന്ന് കരുതപ്പെടുന്ന കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി ശിശുരോഗവിദഗ്‌ധരുടെ ആസൂത്രണം, പ്രോട്ടോക്കോൾ, നയ മാർഗനിർദേശങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർദേശങ്ങൾ നേരത്തെ ലാൻസെറ്റ് ഇന്ത്യ ടാസ്‌ക് ഫോഴ്‌സും നൽകിയിരുന്നു.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്‍റെ തീവ്രപരിചരണ വിഭാഗം കഴിഞ്ഞ ആറ് മാസമായി മുതിർന്നവരെ ചികിത്സിക്കാനായി 6,000 ശിശുരോഗവിദഗ്‌ധരെയും പരിശീലിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം, ബി-ഗ്രേഡ് ടൗണുകൾ, സി-ഗ്രേഡ് ടൗണുകൾ, ചെറിയ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശിശുരോഗവിദഗ്‌ധർക്കും പരിശീലനം നൽകി വരുന്നുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 38,792 പുതിയ കൊവിഡ് കേസുകളും 41,000 രോഗമുക്തിയും 624 മരണങ്ങളും റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.