ന്യൂഡൽഹി: രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വർധിപ്പിക്കുന്നതിനായി നയം രൂപീകരിക്കണമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കൊവിഡ് വാക്സിനുകൾ വലിയ അളവിൽ രണ്ട് മാസത്തിനുള്ളിൽ ലഭ്യമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. വിവിധ വാക്‌സിൻ നിർമ്മാതാക്കൾ രാജ്യത്ത് കൂടുതൽ പ്ലാന്‍റുകള്‍ തുറക്കുന്നുണ്ടെന്നും അതിലൂടെ കൂടുതൽ വാക്‌സിൻ രാജ്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ലഡാക്കിൽ 240 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് പുതിയ പ്ലാന്‍റുകൾ വരുന്നതോടെ കൊവാക്സിൻ, കൊവീഷീൽഡ്, സ്പുട്നിക്ക് എന്നീ വാക്‌സിനുകൾ കൂടുതൽ നിർമിക്കാൻ സാധിക്കും. ഭാരത് ബയോട്ടെക്കിന്റെയും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും പുതിയ പ്ലാന്‍റുകൾ ഓഗസ്റ്റ് മാസത്തോടെ പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രായമായവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും കഴിയുന്നത്ര വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.