ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ അസമിലെ കോൺഗ്രസിലും ആഭ്യന്തര കലഹം രൂക്ഷം. പഞ്ചാബിലെ പ്രശ്നപരിഹാരത്തിനായി നിലവിൽ ചർച്ചകൾ തുടരുകയാണ് എഐസിസി. ഇതിനിടയിലാണ് അസമിലെ കലഹത്തിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ഹൈക്കമാൻഡിനെ സമീപിച്ചത്.
നിലവിലെ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ റിപ്പൺ ബോറയെ നീക്കം ചെയ്യണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. കൂടുതൽ വഷളാകുന്നതിനുമുമ്പ് ഹൈകമ്മാൻഡ് വിഷയത്തിൽ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്ക് വിമർശനം
അസമിലെ ജനകീയനായ എംഎല്‍എ രൂപ്ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേർന്നതോടെയാണ് അഭിപ്രായ ഭിന്നതകൾക്ക് തുടക്കം കുറിച്ചത്. യുവനേതാക്കളുടെ വാക്കുകളും അഭിപ്രായങ്ങളും കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ പതനം തുടരുമെന്നും പറഞ്ഞുകൊണ്ടാണ് രൂപ്ജ്യോതി കുര്‍മി പാര്‍ട്ടി വിട്ടത്.
നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുര്‍മി എംഎല്‍എ സ്ഥാനവും രാജിവച്ചാണ് പാര്‍ട്ടി വിട്ടത്. അസം നിയമസഭയില്‍ കോണ്‍ഗ്രസിന് 29 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിന്‍റെ എംഎല്‍എ ആയിരുന്നു കുര്‍മി.എപിസിസി മാധ്യമ വിഭാഗം ചെയർപേഴ്‌സൺ ബോബ്ബീറ്റ ശർമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ഇടിവി ഭാരതോട് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു,
"ജനാധിപത്യത്തിന്‍റെ സാരാംശം വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് വിശ്വാസ്യതയും ബഹുമാനവും നൽകുന്നു എന്നതാണ്",എപിസിസി മാധ്യമ വിഭാഗം ചെയർപേഴ്‌സൺ ബോബിത ശർമ ഇടിവി ഭാരതിനോട് പറഞ്ഞു.
"അസം കോൺഗ്രസിന് കഴിവുള്ള നിരവധി നേതാക്കളുണ്ട്. ഈ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ടത് ഹൈകമാൻഡാണ്. എന്നാൽ ഇതിന് അർഥം നിവിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്നല്ല ”ശർമ്മ പറഞ്ഞു.
നിയമസഭ തോൽവി പരിശോധിക്കുന്നു
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി പ്രതീക്ഷിക്കാത്തതായിരുന്നു. തോൽവി എങ്ങനെ സംഭവിച്ചുവെന്നതിൽ ആഴത്തിലുള്ള വിശകലനവും ആത്മപരിശോധനയും നടത്തേണ്ടതുണ്ടെന്ന് ശർമ്മ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ അധ്യക്ഷതയിൽ ഇതിനകം ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവർ റിപ്പോർട്ട് പാർട്ടി ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടുണ്ടെന്നും ശർമ കൂട്ടിച്ചേർത്തു.
കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്
സംസ്ഥാന കോൺഗ്രസിലെ മറ്റ് പല നേതാക്കളും ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്നാണ് പൊതുവേ ഉള്ള റിപ്പോർട്ടുകൾ. "കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കും. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹൈകമ്മാൻഡ് ഇടപ്പെട്ടിലെങ്കിൽ, പാർട്ടിയുമായി തുടരുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചേക്കാം," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
ബിജെപിയാണ് കോൺഗ്രസിൽ കലഹമുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് ബോബിത ശർമ ആരോപിച്ചു. "പല സംസ്ഥാനങ്ങളിലും ബിജെപി പാർട്ടി എംഎൽഎമാരെ കുതിരക്കച്ചവടം നടത്തി കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുകയും ചെയ്തതിന് ഞങ്ങൾ സാക്ഷികളാണ്. ഇത് ഒരു പുതിയ കാര്യമല്ല. ജനാധിപത്യത്തിൽ എതിർപ്പ് നിലനിൽക്കരുതെന്നത് അവരുടെ നയമാണ്. അവരെ ചോദ്യം ചെയ്യാൻ ബിജെപി ആരെയും സമ്മതിക്കില്ല, ”ശർമ്മ പറഞ്ഞു.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ വെച്ച് അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നും ശർമ്മ കൂട്ടിച്ചേർത്തു.
ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നിലവിലെ കോൺഗ്രസ് അധ്യക്ഷൻ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ശർമ്മ പറഞ്ഞു.സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആണ് ശർമ്മയുടെ പ്രതികരണം. എന്നാൽ പുതിയ പ്രസിഡന്‍റിനെ നിയമിക്കുന്നത് വരെ തുടരാൻ അദ്ദേഹത്തോട് ഹൈകമ്മാൻഡ് ആവശ്യപ്പെട്ടു, ശർമ്മ കൂട്ടിച്ചേർത്തു.
Also Read: അസം കോൺഗ്രസ് എംഎല്‍എ രൂപ്‌ജ്യോത് കുർമി രാജി വച്ചു
വിവിധ വിഷയങ്ങളിൽ ജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്തുന്നതിലൂടെ പാർട്ടി ജനങ്ങളുമായി വീണ്ടും ബന്ധപ്പെടേണ്ടതുണ്ടെന്നും ശർമ്മ പറഞ്ഞു.
കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാണ്. നീണ്ട ചർച്ചകൾക്കൊടുവിൽ ആണ് കേരളത്തിലെ കെപിസിസി അധ്യക്ഷനായി കെ സുധാകരൻ സ്ഥാനം ഏറ്റെടുത്തത്. കർണാടകയിലും പഞ്ചാബിലും പ്രതിസന്ധി തുടരുകയാണ്. പ്രശ്നപരിഹാരത്തിനായി എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ചർച്ച നടക്കുകയാണ്.