ചെന്നൈ: കൊവിഡ് മൂന്നാം തരംഗത്തിനെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ സംസ്ഥാന നിയമസഭയിൽ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികൾക്കായി ഒരു ലക്ഷം കിടക്കകൾ സ്ഥാപിക്കണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ആരോഗമന്ത്രി മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്തി
മൂന്നാം തരംഗം ഉണ്ടാകില്ല, മൂന്നാം തരംഗമുണ്ടെങ്കിൽ പോലും അതിനെ നേരിടാൻ സർക്കാർ തയാറാണെന്ന് പ്രതിപക്ഷ എംഎൽഎ സി വിജയബാസ്‌കറിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഡിഎംകെ സർക്കാർ അധികാരമേറ്റതിന് ശേഷം 79,618 പുതിയ കിടക്കകൾ സ്ഥാപിച്ചു. ഓക്സിജൻ പ്ലാന്‍റുകൾ, കോൺസെൻട്രേറ്ററുകൾ, ജനറേറ്ററുകൾ, സിലിണ്ടറുകൾ എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. മെയ് ഏഴിനാണ് ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ തന്നെ അദ്ദേഹം പകർച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. അതിനാൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.
ALSO READ: കേന്ദ്രം അന്താരാഷ്ട്ര വാകിനുകൾക്ക് അംഗീകാരം നൽകണമെന്ന് ഡൽഹി സർക്കാർ
തിങ്കളാഴ്ച 7,427 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇത് ഉടൻ കുറയും. വാക്‌സിനേഷൻ ആരംഭിച്ച ജനുവരി 16 മുതൽ മെയ് ഏഴ് വരെ പ്രതിദിനം 61,441 വാക്‌സിൻ ഡോസുകൾ നൽകി വരുന്നതായി മാ സുബ്രഹ്മണ്യൻ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് 3,96,000 പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. പ്രതിദിനം എട്ട് ലക്ഷം പേർക്ക് വാക്‌സിനേഷൻ നൽകാൻ സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു. 1,29,22,330 വാക്സിൻ ഡോസുകൾ ഇതുവരെ തമിഴ്‌നാട്ടിൽ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഇനിയും 10 കോടി വാക്സിൻ ഡോസുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.