പുതുച്ചേരി: പുതുച്ചേരി സർക്കാറിനെ മറിച്ചിടാൻ ശ്രമിച്ചിരുന്നെങ്കില്‍ മൂന്ന് മാസം മുന്നേ ആകാമായിരുന്നുവെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് എ അൻപഴകൻ. തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്ന പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അൻപഴകൻ. 'സംസ്ഥാനത്തെ കോൺഗ്രസ് -ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സഖ്യം തകർക്കാൻ തന്‍റെ പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ, അത് മൂന്ന് മാസം മുമ്പ് ചെയ്യുമായിരുന്നു. “എന്നാൽ ഞങ്ങളുടെ പാർട്ടി നയം അതല്ല ഞങ്ങൾ അത് ചെയ്യുകയുമില്ല,” അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിക്കാൻ തന്‍റെ പാർട്ടിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തു ദിവസത്തിനുളളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നും ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുകയും ജനാധിപത്യപരമായി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ഇന്നലെ ലെഫ്റ്റനന്‍റ് ഗവർണർ തമിഴസൈ സൗന്ദരരാജന് രാജി സമർപ്പിച്ചത്.