ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ട്രഷററുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ പുറത്താക്കി. ചെന്നൈയിലെ വാനഗരത്തെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ നീക്കം. യോഗം ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തു.
ജനറല്‍ കൗണ്‍സില്‍ യോഗം ചേരാന്‍ എഐഎഡിഎംകെയ്‌ക്ക് മദ്രാസ് ഹൈക്കോടതി ഇന്ന് രാവിലെ ഇറക്കിയ ഉത്തരവില്‍ അനുമതി നല്‍കിയിരുന്നു. ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത് താല്‍കാലികമായി തടയണമെന്നാവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. എഐഎഡിഎംകെയിലെ ഇരട്ട നേൃത്വം ജനറല്‍ കൗണ്‍സില്‍ അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറയുമായ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 2016മുതല്‍ ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസ്വാമിയും ചേര്‍ന്നുള്ള ഇരട്ട നേതൃത്വമായിരുന്നു പാര്‍ട്ടിയില്‍ നിലനിന്നിരുന്നത്.
ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവിയും ജനറല്‍ കൗണ്‍സില്‍ പുതിയതായി രൂപീകരിച്ചു. പാര്‍ട്ടിയിലെ പ്രാഥമിക അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയായിരിക്കും ജനറല്‍ സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നേതാക്കളെ തെരഞ്ഞെടുക്കുക. നാല് മാസത്തിനുള്ളില്‍ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. എടപ്പാടി പളനിസ്വാമിയെ അനൂകൂലിക്കുന്നവരാണ് ജനറല്‍ കൗണ്‍സിലിലെ ബഹുഭൂരിപക്ഷം പേരും.
ഒ പനീര്‍ശെല്‍വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്നത്. ഒ പനീര്‍ ശെല്‍വത്തിന് ക്രൂരമായ ഒരു മുഖമുണ്ടെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ എന്‍ വിശ്വനാഥന്‍ ആരോപിച്ചു. പനീര്‍ശെല്‍വത്തിന്‍റെ ശാന്തമായ ഭാവം വെറും നാട്യമാണെന്നും പൊതുസമക്ഷം ഒരു കാര്യം പറയുകയും രഹസ്യമായി മറ്റ് ചില അജണ്ടകള്‍ വച്ചുപുലര്‍ത്തുന്ന ആളുമാണ് പനീര്‍ശെല്‍വമെന്നും വിശ്വാനാഥന്‍ ആരോപിച്ചു.
പാര്‍ട്ടിയെ വഞ്ചിച്ചയാളാണ് പനീര്‍ശെല്‍വമെന്ന് മുന്‍ മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസന്‍ ആരോപിച്ചു. 1.5 കോടി പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരമാണ് പനീര്‍സെല്‍വത്തെ പുറത്താക്കണമെന്ന ആവശ്യത്തിലൂടെ ജനറല്‍ കൗണ്‍സില്‍ പ്രകടിപ്പിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് കെ പി മുനി സ്വാമി അവകാശപ്പെട്ടു.
അതേസമയം ചെന്നൈയിലെ തെരുവുകളില്‍ എടപ്പാടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്‍റെയും അനുയായികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പറ്റി. ഇരുവിഭാഗങ്ങളും പരസ്‌പരം പോസ്‌റ്ററുകളും ഫ്ലക്‌സ്ബോര്‍ഡുകളും നശിപ്പിച്ചു.
ദ്രാവിഡ രാഷട്രീയത്തിന് അടിത്തറപാകിയ ഇ വി രാമസ്വാമി, സി എന്‍ അണ്ണാദുരൈ എന്നിവര്‍ക്കും ജെ ജയലളിതയ്‌ക്കും രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന പ്രമേയവും ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ പാസാക്കി.