ന്യൂഡല്‍ഹി : അഗ്നിപഥിനെതിരെ സമാധാനപരമായി സമരം ചെയ്യാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന യുവാക്കള്‍ക്ക് പിന്തുണ അര്‍പ്പിച്ച് ജന്തര്‍ മന്തറില്‍ നടക്കുന്ന കോണ്‍ഗ്രസ് സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. സമാധാനപരമായ യുവാക്കളുടെ സമരത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി സഹകരിക്കും. അക്രമം അവസാനിപ്പിക്കണം, എന്നാല്‍ സമരം നിര്‍ത്തരുതെന്നും അവര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍, സേനയുടേയും യുവാക്കളുടേയും ആത്മ വീര്യം തകര്‍ക്കുകയാണ്. പൊള്ളയായ ദേശീയതയാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് യുവജനങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോ വേണ്ടിയല്ല, മറിച്ച് വ്യവസായികള്‍ക്ക് വേണ്ടിയാണ്. രാജ്യത്തെ കോണ്‍ഗ്രസ് എംപിമാര്‍, എഐസിസി അംഗങ്ങള്‍, സിഡബ്ല്യുസി അംഗങ്ങള്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
അതിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അഗ്നിപഥിന് എതിരായ സമരങ്ങള്‍ ശക്തമാകുകയാണ്. ശനിയാഴ്ച ഉണ്ടായ സമരത്തില്‍ തെലങ്കാനയില്‍ ഒരാള്‍ മരിക്കുകയും നിരവധി തീവണ്ടികളും വാഹനങ്ങളും അഗ്നിക്ക് ഇരയാകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നടന്ന സമരം 340 ട്രെയിൻ സർവീസുകളെ ബാധിച്ചു.
സായുധ സേനയുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജൂണ്‍ 14നാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ റിക്രൂട്ട് മെന്‍റിനുള്ള പ്രായപരിധി സര്‍ക്കാര്‍ 23 വയസ് ആക്കി ഉയര്‍ത്തിയിരുന്നു.