ന്യൂഡല്‍ഹി : സംഭവബഹുലമായ കർണാടക തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിങ്കളാഴ്‌ച തിരശ്ശീല വീണിരിക്കുകയാണ്. ഇനി, നിയമസഭ തെരഞ്ഞെടുപ്പ് അങ്കം നടക്കാനിരിക്കുന്നത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലാണ്. ഈ വർഷം അവസാനമാണ് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ 'കണ്ണെറിഞ്ഞിരിക്കുന്നത്' നാല് സംസ്ഥാനങ്ങളിലേക്കാണ്.
ചൊവ്വാഴ്‌ച രാജസ്ഥാനിലെ ഉദയ്‌പൂരിൽ രാഹുൽ എത്തിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനും പാർട്ടി പ്രവർത്തകർക്കായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുമാണ് രാഹുലിന്‍റെ സന്ദര്‍ശനം. മുതിർന്ന സംസ്ഥാന നേതാക്കളെക്കണ്ട് കാര്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുമെന്നാണ് കേള്‍ക്കുന്നത്. തെലങ്കാനയിൽ പ്രിയങ്ക 'യുവജന പ്രകടനപത്രിക' പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലെ ചുവടുറപ്പിക്കലിന് തുടക്കമിട്ടു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമൽനാഥ് സ്‌ത്രീ വോട്ടര്‍മാരെ കൈയ്യിലെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വനിത ക്ഷേമ പദ്ധതിയാണ് കമല്‍നാഥ് ഇവിടെ പ്രഖ്യാപിച്ചത്.
പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനൊരുക്കാന്‍ കോണ്‍ഗ്രസ് : തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന നാല് സംസ്ഥാനങ്ങളിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസാണ് ഭരിക്കുന്നത്. കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ബിആർഎസ് തെലങ്കാനയിലും മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരുമാണ്. ചുരുക്കത്തില്‍, മൂന്ന് സംസ്ഥാനങ്ങളില്‍ എങ്ങനെയെങ്കിലും അധികാരം പിടിക്കാനും രാജസ്ഥാന്‍ നിലനിര്‍ത്താനുമുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്‍റേത്. അതില്‍, മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി ബിജെപിയുമായി നേരിട്ടാണ് മത്സരം.
'രാഹുലിന്‍റെ രാജസ്ഥാൻ സന്ദർശനം സംസ്ഥാനത്തിനുള്ള പാര്‍ട്ടിയുടെ കരുതല്‍ എന്നതിനെ സൂചിപ്പിക്കുമെന്ന വിശ്വാസമുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായാണ് രാഹുൽ ഈ സംസ്ഥാനം സന്ദർശിക്കുന്നത്. മൗണ്ട് അബുവില്‍ നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ക്യാമ്പിലാണ് അദ്ദേഹം പങ്കെടുക്കുക' - രാജസ്ഥാനിലെ പാര്‍ട്ടി ചുമതലയുള്ള എഐസിസി നേതാവ് വീരേന്ദ്ര റാത്തോഡ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
രാജസ്ഥാന്‍ പിടിക്കാന്‍ 'നിയമന'ക്കരുവും : സ്വന്തം തട്ടകമെന്ന നിലയ്‌ക്ക് കർണാടകയില്‍ പ്രചാരണത്തിന്‍റെ തിരക്കിലായിരുന്നു മല്ലികാര്‍ജുന്‍ ഖാർഗെ. ഈ തിരക്കിനിടെയിലും ഖാര്‍ഗെ, രാജസ്ഥാനില്‍ പാര്‍ട്ടി ചുമതലയുള്ള എസ്എസ് രൺധാവയെ സഹായിക്കാൻ മൂന്ന് പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചിരുന്നു. അതേസമയം അടുത്തിടെ, അശോക് ഗെലോട്ട് സർക്കാർ നിരവധി ക്ഷേമപദ്ധതികള്‍ തുടങ്ങിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലെ ഈ നീക്കത്തിലടക്കം ചുക്കാന്‍ പിടിക്കുന്നത് ഊര്‍ജിതമാക്കാനാണ് ഖാര്‍ഗെ 'നിയമനക്കരുക്കള്‍' നീക്കിയത്.
കഴിഞ്ഞ ഒരാഴ്‌ചയായി എഐസിസി സെക്രട്ടറിമാരായ അമൃത ധവാനും വീരേന്ദ്ര റാത്തോഡും തെരഞ്ഞെടുപ്പ് ഗോദയിലെ തന്ത്രങ്ങള്‍ മെനയാന്‍ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ടാഴ്‌ച മുന്‍പ് സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ 'അവബോധമുണ്ടാക്കാന്‍' പാർട്ടി എംഎൽഎമാരെ രണ്‍ധാവെ കളത്തിലിറക്കിയിരുന്നു.
അശോക് ഗെലോട്ട് - സച്ചിൻ പൈലറ്റ് പടലപ്പിണക്കം കേന്ദ്രനേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും ഇരുവരും 'പാര്‍ട്ടിസ്വത്തെന്ന' നയമാണ് ഔദ്യോഗിക നേതൃത്വത്തിനുള്ളത്. ഇത് അവര്‍ കൂടെക്കൂടെ ആവർത്തിക്കാറുമുണ്ട്. ഓരോ അഞ്ച് വർഷക്കാലം കഴിയുമ്പോള്‍ സർക്കാരുകൾ മാറുന്ന പാരമ്പര്യം രാജസ്ഥാനിലുണ്ട്. എന്നാൽ, ആ പതിവുപല്ലവി മറികടക്കാൻ കോൺഗ്രസ് ഇത്തവണ കഠിനമായി ശ്രമിക്കുന്നുണ്ട്.
കൈവിട്ടുപോയ മധ്യപ്രദേശ് പിടിക്കാന്‍ 'കമല്‍തന്ത്രം' : മധ്യപ്രദേശിൽ 2018ലെ വിജയം ആവർത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. അന്ന് സംസ്ഥാന പാര്‍ട്ടി തലവനും മുന്‍മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേക്കേറിയതാണ് വിനയായത്. ഇതോടെയാണ് കമല്‍ നാഥിന്‍റെ മുഖ്യമന്ത്രിക്കസേര നഷ്‌ടപ്പെട്ടതും സർക്കാർ താഴെ വീണതും.
'നാരി സമ്മാൻ പദ്ധതിക്ക് ഞങ്ങള്‍ തുടക്കമിട്ടു. ഞങ്ങൾ അധികാരത്തിൽ വന്നാല്‍ പ്രതിമാസം 1500 രൂപയും പുറമെ 500 രൂപയ്‌ക്ക് സിലിണ്ടര്‍ നൽകുന്നതുമാണ് ഈ പദ്ധതി. ഇതിനായി സംസ്ഥാനത്തെ എല്ലാ സ്‌ത്രീകളും രജിസ്റ്റർ ചെയ്യണം. എല്ലാ പാർട്ടി പ്രവർത്തകരോടും അവരവരുടെ പ്രദേശങ്ങളിൽ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്' - കമല്‍ നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
ഹിമാചൽ പ്രദേശിലും കർണാടകയിലും സ്‌ത്രീകള്‍ക്ക് നല്‍കുന്ന അലവൻസിന്‍റെ മാതൃകയിലാണ് മധ്യപ്രദേശിലെ പദ്ധതിയെന്ന് എഐസിസി ചുമതലയുള്ള സിപി മിത്തൽ പറഞ്ഞു. 500 രൂപ എൽപിജി പദ്ധതി രാജസ്ഥാനില്‍ മുന്‍പേ പയറ്റിത്തെളിയിച്ച കോണ്‍ഗ്രസ് പദ്ധതിയാണ്. മെയ് എട്ടിനാണ് തെലങ്കാനയിൽ കോണ്‍ഗ്രസ് പാർട്ടി യുവജന പ്രകടന പത്രിക പുറത്തിറക്കിയത്. തെലങ്കാന സംസ്ഥാനം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയും 25,000 രൂപ പെൻഷനും തൊഴിലില്ലായ്‌മ വേതനമായി 4000 രൂപയും നല്‍കുന്നതാണ് ഈ പദ്ധതി. 18 വയസിന് മുകളിലുള്ള പെൺകുട്ടികൾക്ക് ഇ - സ്‌കൂട്ടറും പ്രഖ്യാപിച്ചാണ് തെലുഗു മണ്ണിലെ കോണ്‍ഗ്രസ് നീക്കം.