ന്യൂഡൽഹി : മോഷണമുതൽ തിരികെ എത്തിച്ച് നൽകിയതും ബാഗ് കവര്‍ന്ന ശേഷം പണം മാത്രം എടുത്ത് രേഖകൾ മടക്കിയതും എടുത്ത പണം വർഷങ്ങൾക്ക് ശേഷം അയച്ചുകൊടുത്തതുമൊക്കെ വാർത്തയായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായ ഒരു സംഭവമാണ് ന്യൂഡല്‍ഹിയില്‍ നടന്നത്.
മോഷ്‌ടിക്കാൻ കയറിയ വീട്ടിൽ വിലപിടിപ്പുള്ള ഒന്നുമില്ലാത്തതിനെ തുടർന്ന് 500 രൂപ വാതിലില്‍ വച്ച് തിരികെപ്പോവുകയായിരുന്നു മോഷ്‌ടാവ്. ജൂലൈ 20 ന് അർധരാത്രിയാണ് സംഭവം. ന്യൂഡൽഹിയിലെ രോഹിണി പ്രദേശത്തെ സെക്‌ടർ 8ലെ റിട്ടയേർഡ് എൻജിനീയർ എം രാംകൃഷ്‌ണയുടെ വീട്ടിലാണ് കള്ളന്‍ കയറിയത്.
ജൂലൈ 19ന് ഭാര്യയോടൊപ്പം രാംകൃഷ്‌ണ ഗുരുഗ്രാമിൽ താമസിക്കുന്ന മകന്‍റെ വീട്ടിൽ പോയിരുന്നു. ജൂലൈ 20ന് രാത്രി രാംകൃഷ്‌ണന്‍റെ വീട്ടിൽ കള്ളന്‍ കയറി. എന്നാൽ വീടിനുള്ളിൽ വില പിടിപ്പുള്ള യാതൊന്നും ഉണ്ടായിരുന്നില്ല.
ഇതോടെ മോഷ്‌ടാവ് ശ്രമം ഉപേക്ഷിച്ച് തിരികെ പോവുകയായിരുന്നു. എന്നാൽ, വീടിന്‍റെ വാതിലില്‍ 500 രൂപ വച്ചിട്ടാണ് പോയത്.
ജൂലൈ 21ന് രാവിലെ രാംകൃഷ്‌ണന്‍റെ വീട്ടിലെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർന്നതായി അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവര്‍ ഉടൻ തന്നെ രാംകൃഷ്‌ണനെ വിളിച്ച് വിവരം അറിയിച്ചു.
ഉടൻ തന്നെ ഇവർ തിരികെ എത്തി. വീടിനുള്ളിൽ കയറിയപ്പോഴാണ് മോഷ്‌ടാവ് ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ രാംകൃഷ്‌ണൻ പൊലീസിൽ പരാതി നൽകി. വീട്ടിൽ മോഷ്‌ടാവ് കയറിയിരുന്നെങ്കിലും ഒന്നും കളവ് പോയിട്ടില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.
വീടിന്‍റെ പ്രധാന വാതിലിൽ നിന്ന് 500 രൂപ നോട്ടും കണ്ടെടുത്തതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. വീടിന്‍റെ വാർഡ്രോബ് തകർക്കുകയോ മറ്റ് നാശനഷ്‌ടങ്ങൾ ഉണ്ടാക്കുകയോ ചെയ്‌തിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്‍റെ വീട്ടിൽ വിലപിടിപ്പുള്ള വസ്‌തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ഒന്നും മോഷ്‌ടിക്കാതിരുന്നതെന്നും രാംകൃഷ്‌ണ പൊലീസിനോട് പറഞ്ഞു. എന്നാൽ 500 രൂപ വച്ചിട്ട് പോയത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേഖകൾ വേണ്ട, പണം മാത്രം എടുത്തശേഷം ബാഗ് തിരികെയെത്തിച്ച് മോഷ്‌ടാക്കൾ : കഴിഞ്ഞ വർഷം ഒക്‌ടോബറിലായിരുന്നു പണം മാത്രമെടുത്ത ശേഷം മോഷ്‌ടിച്ച ബാഗും വിലപിടിപ്പുള്ള രേഖകളും ഉടമയുടെ കടയുടെ മുൻപിൽ വച്ചിട്ട് മോഷ്‌ടാക്കൾ പോയത്. പുല്ലൂർ പൊള്ളക്കടയിൽ പലചരക്ക് വ്യാപാരി എം ഗോവിന്ദന്‍റെ പണം അടങ്ങിയ ബാഗാണ് മോഷണം പോയത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഹെൽമെറ്റ് ധരിച്ച് പഴം ചോദിച്ചെത്തിയ യുവാക്കൾ ഗോവിന്ദന്‍റെ ബാഗുമെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
4,800 രൂപയും പുതിയ വീടിന്‍റെ താക്കോലും രേഖകളുമായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. എന്നാൽ അടുത്ത ദിവസം രാവിലെ ഗോവിന്ദൻ കണ്ടത് കടയുടെ മുൻപിലെ ഇരുമ്പ് ഗ്രില്ലിന്‍റെ വാതിൽ പിടിയിൽ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്. അതിനുള്ളിൽ മോഷണം പോയ ബാഗും രേഖകളുമായിരുന്നു. എന്നാൽ പണം ഉണ്ടായിരുന്നില്ല.