കൊൽക്കത്ത: ബംഗാളിൽ പിടിയിലായ ചൈനീസ് ചാരന്‍റെ ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങളുടെ പാസ്‌വേർഡ് അൺലോക്ക് ചെയ്യാനാകാതെ അന്വേഷണ സംഘം. ചൈനീസ് ചാരനായ ഹാൻ യുൻബെ പിടിയിലായിട്ട് 96 മണിക്കൂറുകൾ പിന്നിട്ടു. എൻഐഎയും പ്രത്യേക അന്വേഷണ സംഘവും നിരവധി തവണ പാസ്‌വേർഡ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന നിരവധി വിവരങ്ങൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. പാസ്‌വേർഡ് അൺലോക്ക് ചെയ്യുന്നതിനായി ഉപകരണങ്ങൾ ഫോറൻസിക് വിഭാഗത്തിന് അയച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനീസ് ചാരൻ അറസ്റ്റിലായിട്ടും ഇതുവരെ വിവരങ്ങൾ ലഭിക്കാത്തതിൽ നിരവധി പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്.
പാസ്‌വേർഡുകൾ മാൻഡ്രിൻ ഭാഷയിൽ
ലാപ്ടോപിലെയും ഫോണിലേയും പാസ്‌വേർഡുകൾ മാൻഡ്രിൻ ഭാഷയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ ഈ ഭാഷ അറിയാവുന്ന വിദഗ്ദനെ ഇത് അൺലോക്ക് ചെയ്യാൻ കണ്ടത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഉപകരണങ്ങൾ അൺലോക്ക് ചെയ്ത് കഴിഞ്ഞാൽ അന്വേഷണം വേഗത്തിലാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്രയും മണിക്കൂറുകൾക്ക് ശേഷവും രണ്ട് ഉപകരണങ്ങളുടെയും പാസ്‌വേർഡുകൾ തുറക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യമാണോ എന്നതാണ് ഇപ്പോൾ ഉയർന്ന വരുന്ന മറ്റൊരു ചോദ്യം.അന്വേഷണത്തിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ അന്വേഷണ സംഘങ്ങൾ വിവരങ്ങൾ പുറത്ത് വിടാത്തതാണ് എന്നാണ് ചിലരുടെ അഭിപ്രായം.
രഹസ്യസ്വഭാവമുള്ള കേസ്
"എൻഎസ്‌ജിയുടെയോ എൻഐഎയുടെയോ സാങ്കേതിക ടീമുകൾക്ക് തുറക്കാൻ കഴിയാത്ത ഒരു പാസ്‌വേർഡും ഈ ലോകത്ത് ഇല്ല. എന്നാൽ നമ്മൾ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സാധാരണ അല്ലെങ്കിൽ പതിവ് കുറ്റകൃത്യങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഇത്തരം കേസുകളിൽ അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നാൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കുകയും ദേശീയ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യും. ഈ വിഷയം ഇന്ത്യ-ചൈന ബന്ധവുമായി ബന്ധപ്പെട്ടതിനാൽ അന്വേഷണ ഏജൻസികളും അവരുടെ ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ അന്വേഷണത്തിന്‍റെ പുരോഗതിയെക്കുറിച്ച് കർശനമായ രഹസ്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്” എൻഎസ്ജി മുൻ കമ്മാൻഡോ ദീപാജ്ഞൻ ചക്രവർത്തി ഇടിവി ഭാരതത്തോട് പറഞ്ഞു.
Read more: കർണാടകയിൽ ശക്തമായ മഴക്ക് സാധ്യത; മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി
അറസ്റ്റിലായ വ്യക്തിയുടെ ഹവാല ഇടപാടുകളെ കുറിച്ച് വ്യക്തമായ വിവരം അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. “ഹാനും കൂട്ടാളികളിലൊരാളും ബിറ്റ്കോയിൻ വഴി ചൈനയിലേക്ക് പണം കൈമാറുന്നുണ്ടെന്നും അവർ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചുവെന്നും ഞങ്ങൾ സംശയിക്കുന്നു. ഈ സോഫ്റ്റ്വെയർ ചൈനയുടെതായിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യുമായി ഹാനിന് ബന്ധമുണ്ടോയെന്നും ഞങ്ങൾക്ക് സംശയമുണ്ട്, ”എസ്ടിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.