പൂനെ : പരസ്‌പര സമ്മതത്തോടെ വിവാഹമോചനം നേടാൻ തീരുമാനിച്ച ദമ്പതികള്‍ക്ക് ഡിവോഴ്‌സിനായി കാത്തിരിക്കേണ്ടി വന്നത് നാല് വര്‍ഷം. ഒരു ആഫ്രിക്കന്‍ ചാര തത്തയുടെ പേരിലാണ് ഇവര്‍ക്ക് വിവാഹമോചനം നേടാന്‍ കാലതാമസം നേരിടേണ്ടി വന്നത്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം (Divorce Proceedings Delayed Due To A African Gray Parrot In Pune).
2019ല്‍ ആയിരുന്നു പരാതിക്കാരായ ദമ്പതികള്‍ തമ്മിലുള്ള വിവാഹം നടന്നത്. ബന്ധത്തിലുണ്ടായ കലഹങ്ങളെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഇവര്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്‌തു. ഭര്‍ത്താവുമായുള്ള കലഹങ്ങളെ തുടര്‍ന്ന് ഭാര്യയായിരുന്നു കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചത് (Divorce Proceedings Delayed In Pune).
പിന്നീടായിരുന്നു കഥയിലെ ട്വിസ്റ്റ്. പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തണമെങ്കില്‍ താന്‍ വിവാഹത്തിന് മുന്‍പ് നല്‍കിയ ആഫ്രിക്കന്‍ ചാര തത്തയെ തിരികെ നല്‍കണമെന്ന ഡിമാന്‍ഡ് ഭര്‍ത്താവ് ഭാര്യയ്‌ക്ക് മുന്നില്‍ വച്ചു (African Gray Parrot Divorce Case). എന്നാല്‍, ആദ്യം ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ല.
ഇതോടെ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കോടതിയിലും വൈകാന്‍ തുടങ്ങി. ആഫ്രിക്കന്‍ തത്തയെ തിരികെ കിട്ടിയാല്‍ മാത്രമേ താന്‍ വിവാഹമോചനത്തിന് സമ്മതിക്കുകയുള്ളൂ എന്ന ഉറച്ച നിലപാടിലായിരുന്നു ഭര്‍ത്താവ്. മറുവശത്ത്, ഭാര്യയ്‌ക്കും തത്തയെ ഉപേക്ഷിക്കാന്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല.
Also Read : സഹോദരന് വൃക്ക നൽകിയതിന്‍റെ പേരിൽ വാട്‌സ് ആപ്പ് വഴി മുത്തലാഖ്
വിവാഹമോചനത്തിന് കാലതാമസം നേരിടാന്‍ തുടങ്ങിയതോടെ ഭാര്യ തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവുകയായിരുന്നു. നിരവധി കൗണ്‍സിലിങ് സെഷനുകള്‍ക്കെല്ലാം ഒടുവിലാണ് യുവതി ഈ തീരുമാനത്തിലേക്ക് എത്തിയത്. തത്തയുടെ കസ്റ്റഡി തര്‍ക്കം പരിഹരിച്ചതിന് പിന്നാലെ ആയിരുന്നു ഇരുവര്‍ക്കും വിവാഹമോചനം ലഭിച്ചത് (African Gray Parrot Impact In a Divorce Case).