ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്) : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 (Aditya L1) വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. പിഎസ്‌എല്‍വി സി57 റോക്കറ്റ് വഹിക്കുന്ന പേടകം ഇന്ന് രാവിലെ 11.50ഓടെയാണ് വിക്ഷേപിച്ചത്. സൂര്യനെ കുറിച്ച് വ്യക്തമായി പഠിക്കുന്നതിനായി പേടകത്തില്‍ ഏഴ് വ്യത്യസ്‌ത പേലോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (SUIT), സോളാർ ലോ എനർജി എക്‌സ് റേ സ്‌പെക്‌ട്രോമീറ്റർ (SoLEX), ഹൈ എനർജി എൽ1 ഓർബിറ്റിങ് സ്‌പെക്‌ട്രോമീറ്റർ (HEL1OS), പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), ആദിത്യ സോളാർവിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX), മാഗ്‌നെറ്റോമീറ്റർ (MAG) എന്നിവയാണ് ഈ ഏഴ് പേലോഡുകൾ. ഇവയില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കുന്നതിന് ഉള്ളവയാണ്. ബാക്കി മൂന്ന് പേലോഡുകള്‍ പ്ലാസ്‌മയേയും കാന്തിക ക്ഷേത്രങ്ങളെയും നിരീക്ഷിക്കും. ഏഴ് പേലോഡുകള്‍ വഹിക്കുന്ന ആദിത്യ എല്‍1ന്‍റെ ഭാരം 1500 കിലോഗ്രാം ആണ്.
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം നമ്പര്‍ ലഗ്രാജ് പോയിന്‍റിലേക്കാണ് (L1) പേടകം വിക്ഷേപിച്ചിരിക്കുന്നത്. എല്‍1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണ വലയത്തില്‍ പെടാതെ ആദിത്യയ്‌ക്ക് ഹാലോ ഓര്‍ബിറ്റിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ എല്‍ 1 പോയിന്‍റില്‍ നിന്നുകൊണ്ട് ആദിത്യയ്‌ക്ക് സൂര്യനെ മികച്ച രീതിയില്‍ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും.
സൂര്യന്‍റെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന ചൂട്, ഇത് ഭൂമിയുടെ അന്തരീക്ഷം, കാലാവസ്ഥ എന്നിവയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നിവയാണ് ആദിത്യ എല്‍1 പ്രധാനമനായും പഠിക്കുക. ലക്ഷ്യസ്ഥാനമായ എല്‍1 പോയിന്‍റില്‍ എത്താന്‍ പേടകത്തിന് നാലുമാസം സഞ്ചരിക്കണം. ആദിത്യ എല്‍1 ന്‍റെ കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചയോടെയാണ് ആരംഭിച്ചത്. രാജ്യത്തിന്‍റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന്‍റെ വിജയകരമായ സോഫ്‌റ്റ് ലാന്‍ഡിങ്ങിന് പിന്നാലെയാണ് ഐഎസ്‌ആര്‍ഒ സൗര ദൗത്യം പ്രഖ്യാപിച്ചത്. സെപ്‌റ്റംബര്‍ ആദ്യ ആഴ്‌ചയില്‍ തന്നെ വിക്ഷേപണം ഉണ്ടാകുമെന്ന് നേരത്തെ ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചിരുന്നു.
Also Read : Aditya L1 Seven Payloads സൂര്യനെ പഠിക്കാനൊരുങ്ങി ആദിത്യ എൽ 1; കരുത്തായി കൂട്ടിന് ഏഴ് പേലോഡുകളും