മുംബൈ: കൊവിഡ് രണ്ടാം തരംഗം മൂലം ദുരിതമനുഭവിക്കുന്ന ചലച്ചിത്രമേഖലയിലെ ദൈനംദിന വേതനക്കാർക്ക് സാമ്പത്തിക സഹായവുമായി ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ചോപ്ര. ഇതിനായി അദ്ദേഹം 'യഷ് ചോപ്ര സാതി' സംരംഭം ആരംഭിച്ചു. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസില്‍ (FWICE) രണ്ടര ലക്ഷത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്രമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും 5,000 രൂപയും അതോടൊപ്പം നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള റേഷൻ കിറ്റുകൾ അവരുടെ എൻജിഒ പങ്കാളികളായ യൂത്ത് ഫീഡ് ഇന്ത്യ വഴിയും വിതരണം ചെയ്യും.
Also Read: കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
സഹായം ആവശ്യമുള്ളവർക്ക് ഓൺലൈൻ അപേക്ഷാ പ്രക്രിയയിലൂടെ പിന്തുണ ലഭിക്കുന്നതിന് അപേക്ഷിക്കാമെന്ന് പ്രൊഡക്ഷൻ ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അമ്പത് വർഷത്തെ യാത്രയുടെ അവിഭാജ്യ ഘടകമായ ഹിന്ദി ചലച്ചിത്ര വ്യവസായത്തിനും അതിന്‍റെ തൊഴിലാളികൾക്കും പിന്തുണ നൽകാൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് യഷ് രാജ് ഫിലിംസ് സീനിയർ വൈസ് പ്രസിഡന്‍റ് അക്ഷയ് വിധാനി പറഞ്ഞു. അതേസമയം 30,000 സിനിമ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പ്രൊഡക്ഷൻ ഹൗസിനെ സഹായിക്കണമെന്ന് കഴിഞ്ഞ ആഴ്ച യഷ് രാജ് ഫിലിംസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് അഭ്യർത്ഥിച്ചിരുന്നു.