ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയുടെ ഇഎസ്‌ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇഎസ്‌ഐ കമ്പനിയുടെ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി (Actress Jayaprada ESI Case). അതേസമയം കേസില്‍ നടിയുടെ അപ്പീല്‍ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജയചന്ദ്രന്‍ ഒക്‌ടോബര്‍ 18 ലേക്ക് മാറ്റി. തന്‍റെ ഉടമസ്ഥതയിലുള്ള സിനിമ തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം സംസ്ഥാന ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ അടച്ചില്ലെന്നതാണ് താരത്തിനെതിരെയുള്ള കേസ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കേസില്‍ താരത്തിന് എഗ്‌മോര്‍ കോടതി ആറ് മാസം തടവുശിക്ഷയും 5000 രൂപ പിഴയും വിധിച്ചത്. ചെന്നൈയിലെ അണ്ണാശാലയില്‍ രാം കുമാര്‍, രാജ് ബാബു എന്നിവരോടൊപ്പമാണ് താരം തിയേറ്റര്‍ നടത്തിയിരുന്നത്. 10 വര്‍ഷം മുമ്പ് തിയേറ്റര്‍ അടച്ച് പൂട്ടിയിരുന്നു (Madras HC On Actress Jayaprada Case).
ജീവനക്കാരുടെ ഇഎസ്‌ഐ പിടിച്ചെടുത്തിട്ടും ഇവര്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി എഗ്‌മോര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുടെ പരാതിക്കെതിരെ താരവും സംഘവും മൂന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ചു. എന്നാല്‍ മൂന്ന് ഹര്‍ജികളും മദ്രാസ് ഹൈക്കോടതി തള്ളി (Jayaprada ESI Case).
കേസില്‍ കോടതി തടവ് ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജീവനക്കാരുടെ മുഴുവന്‍ തുകയും താന്‍ അടച്ച് കൊള്ളാമെന്ന് താരം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇഎസ്‌ഐയ്‌ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഇത് എതിര്‍ത്തു. ഇതേ തുടര്‍ന്നുള്ള വാദത്തിന് ശേഷമാണ് ജയപ്രദയ്‌ക്കും സംഘത്തിനും കോടതി തടവും പിഴയും ശിക്ഷ വിധിച്ചത് (Madras High Court).
ആറ് മാസത്തേക്ക് ജാമ്യമില്ലാതെയുള്ള തടവ് ശിക്ഷയാണ് എഗ്‌മോര്‍ കോടതി വിധിച്ചത്. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ജീവനക്കാരുടെ ഇഎസ്‌ഐ കുടിശികയായ 37,68,000 രൂപ അടയ്‌ക്കാമെന്നും താരം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കോടതി കമ്പനിയുടെ പ്രതികരണം തേടുന്നത്.