ചെന്നൈ: തന്‍റെ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്ക'ത്തിന്‍റെ ജില്ലാ തലവന്മാരുമായി നടൻ വിജയ് കൂടിക്കാഴ്‌ച നടത്തി. താരത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്‌ച എന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്‌ച (ജൂലൈ 11)യാണ് നടൻ യോഗം വിളിച്ചത്.
ചെന്നൈയ്‌ക്ക് സമീപം പനയൂരിലുള്ള വിജയ്‌യുടെ ഫാം ഹൗസിൽ നടന്ന യോഗത്തിൽ തമിഴ്‌നാട്ടിലെ 234 ജില്ലകളിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. 2026 ൽ നടക്കാൻ പോവുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനൊപ്പം ഭാവി പരിപാടികളും തീരുമാനിക്കുക എന്നതായിരുന്നു യോഗത്തിന്‍റെ അജണ്ട എന്നാണ് വിവരം. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2.45ന് വേദിയിൽ എത്തിയ വിജയ് 300ലധികം എക്‌സിക്യൂട്ടീവുകൾക്കൊപ്പം ഫോട്ടോയും എടുത്തിരുന്നു. വൈകിട്ട് 4.50നാണ് അദ്ദേഹം വേദി വിട്ടത്.
വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദിന്‍റെ നേതൃത്വത്തിലാണ് പരിപാടിക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. തമിഴ്‌നാട് സംസ്ഥാന രാഷ്‌ട്രീയത്തിലും 2026-ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമകളിൽ നിന്ന് രണ്ട് വർഷത്തെ ഇടവേള എടുക്കാൻ വിജയ് പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ഇതിനിടെ രാഷ്‌ട്രീയപരമായി തന്‍റെ അടുത്ത നീക്കത്തെ കുറിച്ച് വിജയ് ആലോചിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
നേരത്തെ, ഒരു പ്രത്യേക പരിപാടിയിൽ, വിജയ് മക്കൾ ഇയക്കം ചെന്നൈയിലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയികളായ വിദ്യാർഥികളെ ആദരിച്ചിരുന്നു. ജൂൺ 17 ന് നടന്ന ചടങ്ങിൽ 234 മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് താരം സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകിയത്. വേദിയിൽ വച്ച് സ്വപ്‌നങ്ങളെ പിന്തുടരുന്നതിനെ കുറിച്ചും തന്‍റെ ജീവിത യാത്രയെക്കുറിച്ചും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും വിജയ് നടത്തിയ ഹൃദയസ്‌പർശിയായ പ്രഭാഷണം ശ്രദ്ധ നേടിയിരുന്നു.
സാമൂഹ്യ പരിഷ്‌കർത്താക്കളെ കുറിച്ച് അറിവ് നേടാനും വിദ്യാർഥികളോട് അഭ്യര്‍ഥിച്ച വിജയ് പുസ്‌തക വിജ്ഞാനം സമ്പാദിക്കുന്നതിനും അപ്പുറം, ബിആർ അംബേദ്‌കർ, ഇവിആർ പെരിയാർ, കെ കാമരാജ് തുടങ്ങി എല്ലാ സാമൂഹ്യ പരിഷ്‌കർത്താക്കളെ കുറിച്ചും പഠിക്കണമെന്നും അവരുടെ നല്ല വശങ്ങൾ മാത്രം ഉൾക്കൊള്ളണമെന്നും ഉദ്ബോധിപ്പിച്ചു. കൂടാതെ പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയ്‌യുടെ ആഹ്വാനം രാഷ്‌ട്രീയമായും വ്യാഖ്യാനിക്കപ്പെട്ടു.
അതേസമയം സംഘടനയുടെ 16 ജില്ലകളിലെ ജില്ലാ മേധാവികളുമായും ബ്ലോക്ക് ഭാരവാഹികളുമായും താരം കൂടിക്കാഴ്‌ച നടത്തിയിരുന്നു. സേലം, കൃഷ്‌ണഗിരി, ഹൊസൂർ, വിരുദുനഗർ, അരിയല്ലൂർ, ട്രിച്ചി, തേനി, കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ, തിരുപ്പൂർ, ശിവഗംഗൈ, നാഗൈ, പെരമ്പല്ലൂർ, മയിലാടുതുറൈ തുടങ്ങി പത്തിലധികം യൂണിയൻ നേതാക്കളുമായും നഗര, ഏരിയ, സോണൽ, ജില്ലാ ഭരണാധികാരികളുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.
സിനിമയിലും പുറത്തും കൃത്യമായി രാഷ്ട്രീയം പറയുന്ന ആളാണ് വിജയ്. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യത്തില്‍ താരം ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല.
READ ALSO: 'കാശ് വാങ്ങാതെ വോട്ടുചെയ്യാന്‍ രക്ഷിതാക്കളോട് പറയൂ' ; വിദ്യാര്‍ഥികളോട് നടന്‍ വിജയ്