ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് പ്രഖ്യാപിച്ച് നടന്‍ രജനികാന്ത്. രാജ്‌ഭവനില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം പോയസ് ഗാര്‍ഡനിലെ സ്വവസതിക്ക് മുന്‍പില്‍ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാഷ്‌ട്രീയ പ്രവേശം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളോട് രജനികാന്ത് പ്രതികരിച്ചത്. രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരവുണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്‍റെ മറുപടി.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ച ആത്മബന്ധത്തിന്‍റെ പുറത്ത് നടത്തിയതാണെന്നും 25-30 മിനിറ്റ് ഗവര്‍ണറുമായി സംസാരിച്ചുവെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് ജനതയുടെ കഠിനധ്വാനവും സത്യസന്ധതയും ഗവര്‍ണറില്‍ മതിപ്പ് ഉണ്ടാക്കി. തമിഴ് ജനതയുടെ ക്ഷേമത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ പറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഷ്‌ട്രീയത്തെ കുറിച്ച് ഗവര്‍ണറുമായി ചര്‍ച്ച ചെയ്‌തോയെന്ന ചോദ്യത്തിന് രാഷ്‌ട്രീയം ചര്‍ച്ച വിഷയമായെന്നും മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്താനാകില്ലെന്നും രജനികാന്ത് പറഞ്ഞു. ജിഎസ്‌ടി വര്‍ധനവ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' ആണ് രജനികാന്തിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റ് 15 അല്ലെങ്കില്‍ 22ന് ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. രജനികാന്തിന്‍റെ 169-ാം ചിത്രം കൂടിയാണിത്.
ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക മോഹന്‍, രമ്യ കൃഷ്‌ണന്‍ എന്നിവര്‍ക്കൊപ്പം ഐശ്വര്യ റായിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുമെന്നാണ് സൂചന. ശിവകാര്‍ത്തികേയനും ചിത്രത്തില്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also read: ചോര വാര്‍ന്ന കത്തി; രജനീകാന്ത് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്