ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ നടക്കുന്ന 'പേസിഎം' കാമ്പയിനിൽ നിയമവിരുദ്ധമായി തന്‍റെ ചിത്രം ഉപയോഗിച്ചെന്ന പരാതിയുമായി കന്നട നടൻ അഖിൽ അയ്യർ. "എന്‍റെ മുഖം നിയമവിരുദ്ധമായും എന്‍റെ സമ്മതമില്ലാതെയുമാണ് കോൺഗ്രസിന്‍റെ "40% സർക്കാര" കാമ്പയിൻ പോസ്‌റ്ററിൽ കൊടുത്തിട്ടുള്ളത്. എന്‍റെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇതിനെതിരെ ഞാൻ നടപടി സ്വീകരിക്കും. " താരം ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധിയേയും സിദ്ധരാമയ്യയേയും കർണാടക കോൺഗ്രസിനേയും ട്വീറ്റിൽ ടാഗ് ചെയ്യുകയും വിഷയം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. അഴിമതികൾ ആരോപിച്ച് ബുധനാഴ്‌ച മുതൽ ബസവരാജ് ബൊമ്മൈക്കെതിരെയും സർക്കാരിനെതിരേയും ബെംഗളൂരിന്‍റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ബിജെപി സർക്കാരുമായി ബന്ധപ്പെട്ടുള്ള 40 ശതമാനം കമ്മിഷൻ അഴിമതിയെ സൂചിപ്പിച്ചുകൊണ്ടുള്ളതാണ് പ്രചരിക്കപ്പെടുന്ന സ്‌ക്രീൻഷോട്ടുകളും പോസ്‌റ്ററുകളും. താരത്തിന്‍റെ ട്വീറ്റിനെ തുടർന്ന് ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള പോസ്‌റ്റർ നീക്കം ചെയ്‌തതായും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.