ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 26,041 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 30,000ത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,36,78,786 ആയി ഉയര്‍ന്നു.
നിലവില്‍ 2,99,620 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 191 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണനിരക്ക് 4,47,194 ആയി ഉയര്‍ന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേരാണ് രോഗമുക്തി നേടിയത്. കേരളത്തില്‍ കഴിഞ്ഞ ദിവസം 15,591 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ മഹാരാഷ്‌ട്രയില്‍ 3,206 കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. കഴിഞ്ഞ 28 ദിവസത്തിനിടെ പോസിറ്റിവിറ്റി നിരക്ക് മൂന്നില്‍ താഴെയാണ്. പ്രതിവാര നിരക്ക് 1.94 ആണ്.
Also read: കൊവിഡ് മൂന്നാം തരംഗം വന്നാലും തീവ്രത കുറവായിരിക്കുമെന്ന് സി.എസ്.ഐ.ആര്‍ മേധാവി