മുസാഫർപൂർ: ബിഹാറിൽ പ്രണയം നിരസിച്ച കുടുംബിനിക്കും കുടുംബത്തിനും നേരെ യുവാവിന്‍റെ ആസിഡ് ആക്രമണം. വിവാഹിതയായ യുവതി പ്രണയം നിരസിക്കുകയും ഒളിച്ചോടാൻ വിസമ്മതിക്കുകയും ചെയ്‌തതിൽ പ്രതികാരമായാണ് ആസിഡ് ആക്രമണം. പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്.
സംഭവം നടന്നത് ഇങ്ങനെ: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ടാപ്പ് വാട്ടർ കോൺട്രാക്‌ടറായി ജോലി നോക്കുന്ന വ്യക്തിയാണ് മഹേഷ് ഭഗത്. ആക്രമണത്തിൽ ഇരയായ യുവതി മഹേഷ് ഭഗതിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മഹേഷ് പലതവണ യുവതിയോട് പ്രണയാഭ്യർഥന നടത്തിയതായും, ഇയാൾക്കൊപ്പം ഒളിച്ചോടണമെന്ന് യുവതിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ തനിക്ക് കുടുംബം ഉണ്ടെന്നും ഇത്തരമൊരു ബന്ധത്തിന് താത്‌പര്യമില്ലെന്നും യുവതി മറുപടി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
'കൂടെ പുറത്തുപോകാൻ മഹേഷ് ആവശ്യപ്പെടാറുണ്ടായിരുന്നു. മഹേഷിന് എന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പല തവണ അയാളോടൊപ്പം ഒളിച്ചോടാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ താൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായി ഒരു ദിവസം അയാൾ പറഞ്ഞു. എന്‍റെ കുടുംബത്തെ ഉപേക്ഷിച്ച് അയാൾക്കൊപ്പം പോകണമെന്ന് എന്നോട് ആവശ്യപ്പെട്ടു. സത്യത്തിൽ അയാൾ എന്നെ സമ്മർദത്തിലാക്കി. എന്നാൽ ഞാൻ എന്‍റെ ഭർത്താവിനെയും മക്കളെയും ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് പറഞ്ഞു ഞാൻ അയാളുടെ ആവശ്യം നിരസിച്ചു. കാര്യങ്ങൾ തനിക്ക് അനുകൂലമല്ലെന്ന് മനസിലായതോടെ അയാൾ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒടുവിൽ എന്നോടുള്ള പ്രതികാരം ചെയ്യാൻ അയാൾ എന്‍റെയും ഭർത്താവിന്‍റെയും കുട്ടികളുടെയും മുഖത്ത് ആസിഡ് ഒഴിച്ചു', യുവതി പൊലീസിന് മൊഴി നൽകി.
ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ പിപ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതിയുടെ വീട്. ഞായറാഴ്‌ച രാത്രി ഇരയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി ആസിഡ് ഒഴിച്ചത്. പ്രതി വീടിന്‍റെ മുകളിൽ കയറി കുടുംബം ഉറങ്ങുന്ന മുറിയുടെ ആസ്ബറ്റോസ് ഷീറ്റ് മാറ്റുകയും തുടർന്ന്, ഉറങ്ങിക്കിടന്ന കുടുംബത്തിന്‍റെ മേൽ ആ വിടവിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. അതിനൊപ്പം ഇരകൾക്ക് അടിയന്തര സഹായം ലഭിക്കാതിരിക്കാൻ വീടിന്‍റെ പ്രധാന വാതിൽ പുറത്ത് നിന്ന് പൂട്ടുകയും ചെയ്‌തു. വാതിൽ പുറത്ത് നിന്ന് പൂട്ടിയതോടെ കുടുംബത്തിന് ചികിത്സ സഹായം ലഭിക്കുന്നത് വൈകിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
ഇവരുടെ നിലവിളി കേട്ട് അയൽവാസികളാണ് വീട്ടുകാരെ രക്ഷിച്ചത്. യുവതിക്കും ഭർത്താവിനും രണ്ട് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. പിറ്റേന്ന് രാവിലെ ഇവരെ മോത്തിഹാരിയിൽ നിന്ന് മുസാഫർപൂർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. താൻ നിരസിച്ചതിൽ മഹേഷ് അങ്ങേയറ്റം രോഷാകുലനാവുകയും ദേഷ്യത്തിൽ തന്‍റെ കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ഇര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.