ശ്രീനഗര്‍ : ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീര്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ കേസ്. ജമ്മു കശ്‌മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച 45 ലക്ഷം രൂപയുടെ ഫണ്ടില്‍ തിരിമറി നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്‌മീര്‍ ആന്‍റി കറപ്‌ഷന്‍ ബ്യൂറോയാണ് (എസിബി) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ജെകെഎഫ്എ പ്രസിഡന്‍റ് സമീർ അഹമ്മദ് ഠാക്കൂർ, ട്രഷറർ എസ്.എസ് ബണ്ടി, ചീഫ് എക്‌സിക്യുട്ടീവ് എസ്.എ ഹമീദ്, ജെകെഎഫ്എ ജില്ല പ്രസിഡന്‍റ് ഫയാസ് അഹമ്മദ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ജമ്മു കശ്‌മീരിലുടനീളം ഫുട്ബോൾ സംബന്ധ പ്രവർത്തനങ്ങള്‍ക്കായി ജമ്മു കശ്‌മീർ സ്‌പോർട്‌സ് കൗൺസിലും മറ്റ് സർക്കാർ, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് സോപോർ സ്വദേശി മുഷ്‌താഖ് അഹമ്മദ് ഭട്ട് നൽകിയ പരാതിയെ തുടർന്നാണ് എസിബി പ്രാഥമിക അന്വേഷണം നടത്തിയത്. ഖേലോ ഇന്ത്യ, മുഫ്‌തി മെമ്മോറിയൽ ഗോൾഡ് കപ്പ് തുടങ്ങിയ ടൂർണമെന്‍റുകള്‍ സംഘടിപ്പിക്കാൻ ജമ്മു കശ്‌മീര്‍ സ്പോർട്‌സ് കൗൺസിൽ മുഖേന സർക്കാർ അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
വ്യാജ രേഖകള്‍ ചമച്ച് തിരിമറി : ടീമുകൾക്ക് ബിരിയാണി വാങ്ങുന്നതിനായി പോളോ വ്യൂ ശ്രീനഗറിലുള്ള മുഗൾ ദർബാർ എന്ന പ്രശസ്‌ത റെസ്റ്റോറന്‍റിന് 43,06,500 രൂപ നൽകിയതായി അസോസിയേഷൻ രേഖകളില്‍ കാണിച്ചു. എന്നാൽ കശ്‌മീർ പ്രവിശ്യയിലെ ഒരു ജില്ലയിലും ഒരു ടീമിനും ബിരിയാണി വാങ്ങി നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ബില്ലുകൾ വ്യാജമാണെന്ന് കണ്ടെത്തിയെന്നും എസിബിയുടെ എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു.
Also read: 'ആ പണം എന്‍റേതല്ല, സത്യം കാലം തെളിയിക്കും'; ആവര്‍ത്തിച്ച് പാര്‍ത്ഥ ചാറ്റര്‍ജി
വിവിധ പ്രവർത്തനങ്ങൾക്കായി ഹിന്ദുസ്ഥാൻ ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന് 1,41,300 രൂപ നൽകിയതായി കാണിച്ചു. എന്നാല്‍ അന്വേഷണത്തിൽ ഇത് വ്യാജമാണെന്നും വ്യാജരേഖ ചമച്ചതാണെന്നും കണ്ടെത്തി. 1,01,900 രൂപ ശ്രീനഗറിലെ ടെങ്‌പോറ ബൈപ്പാസിലുള്ള ജാൻ ഹാർഡ്‌വെയർ എന്ന സ്ഥാപനത്തിന് നല്‍കിയതായി രേഖകളില്‍ കാണിച്ചതും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വ്യാജ ബില്ലുകളും രേഖകളും സമർപ്പിച്ച് ജമ്മു കശ്‌മീർ സ്‌പോർട്‌സ് കൗൺസിൽ കശ്‌മീർ ഡിവിഷന് വേണ്ടി അനുവദിച്ച 50 ലക്ഷം രൂപയുടെ ബജറ്റിൽ നിന്ന് 43,06,500 രൂപ എടുത്തു. ഈ ബില്ലുകളിലെല്ലാമുള്ളത് ഒരേ വ്യക്തിയുടെ കൈയ്യക്ഷരമാണ്. രേഖകളില്‍ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.