കൊല്‍ക്കത്ത: പ്രണബ് മുഖര്‍ജിയുടെ മകനും മുന്‍ കോണ്‍ഗ്രസ് ലോക്‌സഭ അംഗവുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) ചേര്‍ന്നു. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വച്ചാണ് അദ്ദേഹം ടിഎംസി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാളില്‍ ബിജെപിയെ ഇല്ലാതാക്കാന്‍ മമതാ ബാനര്‍ജിക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായി അഭിജിത്ത് ബാനര്‍ജി പറഞ്ഞു.
മമതയുടെ നേതൃത്വത്തിന് രാജ്യത്ത് നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ കഴിയും. പാര്‍ട്ടിയുടെ സാധാരണ അംഗത്വമാണ് താന്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് താന്‍ തൃണമൂലിന്‍റെ ഉന്നത സ്ഥാനത്തേക്ക് താന്‍ കണ്ണുവച്ചതായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിരുന്നു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവം
എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് സത്യം മനസിലായിരിക്കുന്നു. തൃണമൂലിന് തന്‍റെ സാന്നിധ്യം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. 61ാം വയസിലും താന്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണെന്നും മുഖര്‍ജി പ്രതികരിച്ചു. സംസ്ഥാനത്ത് നിന്നും രാജ്യത്ത് നിന്നും ബിജെപിയെ പുറത്തെറിയാനുള്ള ശ്രമത്തില്‍ താനും പങ്കുചേരും.
ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കുകയാണ് തന്‍റെ ലക്ഷ്യം. സ്ഥാനങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ നേതാവും മന്ത്രിയുമായ പാര്‍ത്ഥാ ചാറ്റര്‍ജി ലോകസഭാ നേതാവ് സുദീപ് ബന്ദോപാദ്യായ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം മുഖര്‍ജിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. തന്‍റെ മരുമകന്‍ വഴി പാര്‍ട്ടിലേക്ക് വരാനുള്ള താത്പര്യം മുഖര്‍ജി മുഖ്യമന്ത്രി മമതാ ബനര്‍ജിയെ നേരത്തെ അറിയിച്ചിരുന്നതായും ചാറ്റര്‍ജി പറഞ്ഞു.
അഭിജിത്ത് മുഖര്‍ജി
കോൺഗ്രസിലൂടെ 2011ൽ ബംഗാളിലെ നൽഹട്ടിയിൽ നിന്ന് വിജയിച്ച് എംഎൽഎയായ അഭിജിത്ത് മുഖർജി 2012ൽ പിതാവ് പ്രണബ് മുഖർജി ഇന്ത്യയുടെ രാഷ്‌ട്രപതിയായപ്പോൾ ജാൻഗിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് ലോക്‌സഭാംഗമായി. തുടർന്ന് 2014ലും വിജയം ആവർത്തിച്ചു. എന്നാൽ 2019ൽ തൃണമൂലിനോട് പരാജയപ്പെട്ടു.
ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റ് പോലും ബംഗാളിൽ നേടാനായതുമില്ല. തുടർന്ന് പാർട്ടിയുമായി അകന്നുകഴിഞ്ഞ അദ്ദേഹം ഇന്ന് തൃണമൂലിൽ ചേരുകയായിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസ് വക്താവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ബംഗാളിൽ അഭിജിത്ത് മുഖർജി തൃണമൂലിൽ ചേർന്നത്.
ബംഗാളിൽ മുൻപ് മുൻ തൃണമൂൽ നേതാവും ബിജെപി ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന മുകുൾ റോയിയും മകനും തിരികെ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. കൂടുതൽ വലിയ നേതാക്കൾ പാർട്ടിയിലെത്തുമെന്ന് അന്ന് മമതാ ബാനർജി അഭിപ്രായപ്പെട്ടിരുന്നു.
ബിജെപി മുൻ നേതാവ് യശ്വന്ത് സിംഹയും തൃണമൂലിൽ ചേർന്നിരുന്നു. മുൻനിര നേതാക്കളുടെ വരവോടെ ദേശീയ രാഷ്‌ട്രീയത്തിൽ മുൻനിരയിലെത്താനുളള മമതയുടെ ശ്രമങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്.