ജോധ്പൂര്‍(രാജസ്ഥാന്‍): ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ പൊന്നോമനയെ തിരികെ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു നാടോടി കുടുംബം. മൂന്നു വയസുള്ളപ്പോഴാണ് ഇവരുടെ മകന്‍ രാഹുലിനെ കാണാതായത്. രാജസ്ഥാനിലെ ജോധ്പൂരില്‍ 2019 നവംബറിലായിരുന്നു സംഭവം.
തന്‍റെ മകനെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ഒരു നാടോടി സ്ത്രീ ജോധ്പൂരിനടുത്തുള്ള ജല്‍ജോഗ് മേഖലയിലെ ശാസ്ത്രിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. ചോക്ലേറ്റ് നല്‍കി വശത്താക്കി ഒരാള്‍ മകനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അന്വേഷണത്തില്‍ തുമ്പൊന്നും ഇല്ലാതെയിരിക്കുകയായിരുന്നു പൊലീസ്.
മകനെ കണ്ടെത്തുന്നത് ഗുജറാത്തില്‍ നിന്ന്: അന്വേഷണ സംഘത്തിന് കേസില്‍ കാര്യമായ പുരോഗതി കൈവരിക്കാനായതോടെ അമ്മയും നിരാശയായി. മകനെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളും പതുക്കെ മങ്ങിത്തുടങ്ങി. അതിനിടയിലാണ് അത്ഭുതകരമായി ആ അമ്മയ്ക്ക് മകനെ തിരികെ കിട്ടിയത്. ചോക്ലേറ്റ് നല്‍കി കടത്തിക്കൊണ്ടു പോയ നാടോടി ബാലനെ നാലു വര്‍ഷത്തിനു ശേഷം കണ്ടെത്തി രക്ഷപ്പെടുത്തിയത് ഗുജറാത്തില്‍ നിന്നായിരുന്നു.
ഈ മാസം ആദ്യം ഭില്‍വാരയില്‍ നിന്ന് ഒരു കുട്ടിയെ കാണാതായതായി വന്ന പരാതി അന്വേഷിക്കുന്നതിനിടയിലാണ് നാലു വര്‍ഷം മുമ്പത്തെ കേസില്‍ അവിചാരിതമായി പൊലീസിന് ഒരു സൂചന ലഭിക്കുന്നത്. ഓഗസ്‌റ്റ് മൂന്നിന് ഭില്‍വാരയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താന്‍ പൊലീസ് ദേശ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിരുന്നു. ഈ കേസ് അന്വേഷണത്തിനിടയിലാണ് കാണാതായ കുട്ടിക്കൊപ്പം ഒരു ദമ്പതികള്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയത്.
ഇത് പിന്തുടര്‍ന്ന അന്വേഷണ സംഘമെത്തിയത് ഗുജറാത്തിലെ ദഹോദിലാണ്. ദഹോദ് പോലീസ് വിവരം ഭില്‍വാര പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കാണാതായ കുട്ടിയും കടത്തിക്കൊണ്ടു പോയ ദമ്പതികളും പിടിയിലായത്. ഭില്‍വാരയില്‍ നിന്ന് കാണാതായ കുട്ടിക്കു പുറമേ മറ്റ് രണ്ട് കുട്ടികളും ദമ്പതികളോടൊപ്പമുണ്ടായിരുന്നു. അതിലൊരു കുട്ടി നാലു വര്‍ഷം മുമ്പ് ജോധ്പൂരില്‍ നിന്ന് കാണാതായ രാഹുലായിരുന്നു.
മകനെന്ന് ഉറപ്പിച്ചത് ഡിഎന്‍എ പരിശോധനയ്‌ക്ക് ശേഷം: രാഹുലിനെ കണ്ടെത്തിയ ശേഷം ഭില്‍വാര പൊലീസ് ജോധ്പൂരില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കളുടേയും കുട്ടിയുടേയും ഡിഎന്‍എ പരിശോധന നടത്തിയാണ് കുട്ടി കാണാതായ രാഹുല്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ജോധ്പീരിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി.
ഗുജറാത്തിലെ ദാഹോദില്‍ പിടിയിലായ ദമ്പതികള്‍ ഇത്തരത്തില്‍ മുമ്പും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ വ്യക്തമായി. കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കി അവരെ വശത്താക്കി തട്ടിക്കൊണ്ടു പോവുകയെന്ന തന്ത്രമാണ് ഇവര്‍ നിരന്തരം പയറ്റിയതെന്ന് പൊലീസ് അറിയിച്ചു.
വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ: അതേസമയം, മാതാപിതാക്കളിൽ നിന്ന് പണം തട്ടിയെടുക്കാനായി വ്യാജ തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ യുവതിയെ ഈ മാസത്തിന്‍റെ തുടക്കത്തില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലെ ബാര സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥിനി ഹൻസിക വർമയാണ് ബസ്‌തി റെയിൽവേ സ്‌റ്റേഷനിൽ പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളിയായ ഭർത്താവ് രാജും പൊലീസ് കസ്‌റ്റഡിയിലാണ്.