ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനെച്ചൊല്ലി ബിജെപിയും ആം ആദ്‌മിയും നേർക്കുനേർ. പഞ്ചാബ് സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്ത് വന്നു. ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കെജ്‌രിവാൾ പഞ്ചാബിൽ തിരക്കിലാണെന്ന് കേന്ദ്ര മന്ത്രി ട്വിറ്ററിൽ കുറിച്ചു. അതേസമയം മുതിർന്ന എഎപി നേതാവായ മനീഷ് സിസോഡിയ കേന്ദ്ര സർക്കാരിന്‍റെ വാക്സിന്‍ നയത്തിനെതിരെ ആഞ്ഞടിച്ചു. കേജ്‌രിവാളിനെ ആക്ഷേപിക്കുന്നതിന് പകരം എല്ലാവർക്കും വാക്സിന്‍ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് കേന്ദ്രം ആവശ്യത്തിന് വാക്സിന്‍ നൽകുന്നില്ലെന്ന പരാതിയുമായി കെജ്‌രിവാൾ സർക്കാർ രംഗത്തെത്തിയിരുന്നു. രാജ്യത്ത് 84 ലക്ഷം പേർ വാക്സിന്‍ സ്വീകരിച്ചപ്പോൾ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ കേവലം 76,259 പേർക്ക് മാത്രമാണ് വാക്സിന്‍ നൽകിയത്. സംസ്ഥാനം 18നും 44 വയസ്സിനുമിടെ പ്രായമുള്ളവർക്ക് ഇതുവരെ 14,34,730 വാക്സിന്‍ ഡോസുകളാണ് നൽകിയിരിക്കുന്നത്.
Also read: കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം
വിവിധ രാജ്യങ്ങൾ ജനങ്ങൾക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിന് പ്രയത്നിക്കുമ്പോൾ ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നുവെന്നും സിസോഡിയ പറഞ്ഞു. കെജ്‌രിവാൾ സർക്കാറിന്‍റെ വാക്‌സിൻ ഉപയോഗം ഓഡിറ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രംഗത്ത് വന്നു.
ഡൽഹിയിൽ 11 ലക്ഷത്തിലധികം വാക്‌സിനുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് 76,000 ഡോസുകൾ മാത്രം ഇന്നലെ നൽകിയതെന്ന് ബിജെപി നേതൃത്വം ചോദിച്ചു. തലസ്ഥാനത്തെ വാക്സിനേഷന്‍ ചുമതല ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് കൈമാറണമെന്ന് പാർട്ടി എംഎൽഎയും ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാംവീർ സിംഗ് ബിദുരി പറഞ്ഞു.