ഗാന്ധിനഗര്‍: ആംആദ്‌മിപാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും കേണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടുകളില്‍ പ്രത്യേകിച്ച് മുസ്‌ലിം വോട്ടുകളില്‍ വരുത്തിയത് വലിയ വിള്ളല്‍. ഇതുമൂലം ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തിയിട്ടില്ലെങ്കിലും മുസ്‌ലിം ജനവിഭാഗത്തിന് വലിയ സ്വാധീനമുള്ള പല മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചു. മുസ്‌ലിം വിഭാഗത്തിന്‍റെ വോട്ടുകള്‍ നിര്‍ണായകമായ 17 സീറ്റുകളില്‍ ബിജെപി 12 സീറ്റിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ പതിനേഴ് സീറ്റുകളില്‍ ആറ് സീറ്റുകള്‍ മാത്രമാണ് ബിജെപി വിജയിച്ചിരുന്നത്. കാലകാലങ്ങളിലായി കോണ്‍ഗ്രസ് വിജയിച്ച് വരുന്ന സീറ്റുകളിലാണ് ആംആദ്‌മിപാര്‍ട്ടിയും എഐഎംഐഎമ്മും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചത് കാരണം ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.
ഉദാഹരണത്തിന് മുസ്‌ലിം ജനവിഭാഗം വളരെക്കൂടുതലുള്ള ദരിയപൂര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് എംഎല്‍എ പ്രതിനിധികരീക്കുന്നതാണ്. ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എ ഗയസുദ്ദീന്‍ ഷെയിക്കിനെ ബിജെപിയുടെ കൗസിക് ജെയിന്‍ പരാജയപ്പെടുത്തി. ആംആദ്‌മി പാര്‍ട്ടി മുസ്‌ലിം വിഭാഗത്തിന് സ്വാധീനമുള്ള 16 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. എന്നാല്‍ ഒന്നില്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല. എഐഎംഐഎമ്മ് 13 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഈ സ്ഥാനാര്‍ഥികള്‍ മുസ്‌ലിം വിഭാഗങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ ഇല്ലാതാക്കുന്നതിന് വഴിവച്ചു.
മുസ്‌ലിം വിഭാഗത്തിന്‍റെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ ഉയര്‍ത്താറുണ്ട്. ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയച്ചതില്‍ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉര്‍ത്തിയത്. സ്വാതന്ത്ര്യ ദിനത്തിലാണ് ഈ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. ബില്‍ക്കിസ് ബാനുവിനെ ബാലാത്സംഗ ചെയ്‌ത് അവരുടെ കുടുംബാഗങ്ങളെ കൊന്ന പ്രതികള്‍ ജയില്‍ മോചിതരായപ്പോള്‍ അവരെ മാലയണിയിച്ച് വിരോചിതമായി വരവേറ്റത് ദേശീയ വ്യാപകമായി വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ബിജെപി എംഎല്‍എ ചന്ദ്രസിൻഹ് റൗൾജി ഈ പ്രതികളെ വിശേഷിപ്പിച്ചത് സംസ്‌കാരമുള്ള ബ്രാഹ്‌മണര്‍ എന്നാണ്.