ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ആം ആദ്‌മി പാര്‍ട്ടി (എഎപി). പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ അവ വ്യാജമാണെന്ന് തെളിയുമെന്ന് എഎപി കുറ്റപ്പെടുത്തി. വിഷയത്തില്‍ ഏഴു വര്‍ഷം പഴക്കമുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കുകയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്‌ത ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് എഎപി സ്വരം കടുപ്പിക്കുന്നത്.
പ്രധാനമന്ത്രി രാജ്യത്തിന് മുന്നില്‍ സത്യം തുറന്നുപറയണമെന്നറിയിച്ച് എഎപി വക്താവും രാജ്യസഭ എംപിയുമായ സഞ്‌ജയ് സിങും രംഗത്തെത്തി. തന്‍റെ ബിരുദങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ, അദ്ദേഹത്തിന്‍റെ ലോക്‌സഭ അംഗത്വം നഷ്‌ടപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ തെറ്റായ വിവരം നല്‍കിയതിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പ്രധാനമന്ത്രിയുടെ ബിരുദപ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ അത് വ്യാജമല്ലെന്ന് തെളിയിക്കാൻ ബിജെപിയുടെ എല്ലാ മന്ത്രിമാരും വക്താക്കളും നെട്ടോട്ടമോടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഴകീറിയുള്ള ചോദ്യങ്ങള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി ഗുജറാത്ത് സര്‍വകലാശാല നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി അത് വ്യാജമാണെന്നും സഞ്‌ജയ് സിങ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ യൂണിവേഴ്‌സിറ്റി എന്നുള്ളത് 'യൂണിബെര്‍സിറ്റി' എന്നാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രേഖയില്‍ മാസ്‌റ്റര്‍ ഓഫ് ആര്‍ട്‌സ് എന്നുള്ളതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് 1983 ലാണ് അദ്ദേഹം മാസ്‌റ്റര്‍ ഡിഗ്രി നേടുന്നത്. എന്നാല്‍ പുറത്തുവിട്ട രേഖയില്‍ 'മാസ്‌റ്റര്‍ ഓഫ് ആര്‍ട്‌സ്' എന്ന് എഴുതിയിട്ടുള്ള ഫോണ്ട് 1992ലേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറുപടികള്‍ ഒട്ടും മാച്ചല്ല: 'യുണിബെർസിറ്റിയിൽ' നിന്ന് മുഴുവൻ പൊളിറ്റിക്കൽ സയൻസും പഠിച്ച ശേഷമാണ് താൻ വന്നതെന്നാണ് അദ്ദേഹം മുമ്പ് പറഞ്ഞത്. 1979ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും 1983ല്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ പ്രധാനമന്ത്രി, ഗ്രാമത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ ശേഷം തുടര്‍ന്ന് പഠിച്ചില്ല. ഇങ്ങനെ 2005-2006 കാലഘട്ടത്തില്‍ ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായ ശേഷം നടത്തിയ പ്രസ്‌താവനയില്‍ പറഞ്ഞതെന്തിനാണെന്നും സഞ്‌ജയ് സിങ് ചോദ്യമെറിഞ്ഞു.
വിധിയിലും മറുപടി: അതേസമയം പ്രധാനമന്ത്രിയുടെ ബിരുദ വിഷയത്തിൽ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയിലും സഞ്‌ജയ് സിങ് പ്രതികരിച്ചു. ഹൈക്കോടതി വിധി വിരോധാഭാസവും ഞെട്ടിപ്പിക്കുന്നതുമാണ്. അതുകൊണ്ട് ഒരു കാര്യവുമില്ലാത്ത അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടതി പിഴ ചുമത്തി. ഉത്തരവില്‍ അദ്ദേഹം അപ്പീൽ ഫയൽ ചെയ്യാൻ പോലും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ളവനാണോ അല്ലയോ എന്ന് മാത്രമേ തനിക്ക് ഇന്ന് ചോദിക്കാനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 ലും ആം ആദ്‌മി പാര്‍ട്ടി പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ച് മോദിയുടെ ബിരുദങ്ങൾ പ്രദർശിപ്പിച്ച് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, ഡൽഹി മദ്യനയ അഴിമതി ഉൾപ്പെടെ എഎപി സർക്കാരിന്‍റെ അഴിമതികളുടെ തെളിവ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കെജ്‌രിവാൾ പ്രധാനമന്ത്രി മോദിയെ ആക്രമിക്കുന്നതെന്നാണ് ഇതിനോടുള്ള ബിജെപിയുടെ മറുപടി.