കാശിപൂര്‍(ഉത്തരാഖണ്ഡ്) : സ്വന്തം പിതാവിന്‍റെ കൈവിരലുകളും ജനനേന്ദ്രിയവും മുറിച്ചുമാറ്റിയ സംഭവത്തില്‍ സൈനികനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. കാശിപൂരിലെ കച്‌നല്‍ ഗാസി കുമാഓന്‍ കോളനിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു സംഭവം. പരാതിക്കാരന്‍റെ മകന്‍ അര്‍പിത് ഉള്‍പ്പടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി.
സംഭവ ദിവസം മകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് അപ്രതീക്ഷിതമായ ഒരു ആക്രമണമാണ് തനിക്ക് നേരെ നടത്തിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ശബ്‌ദം പുറത്തേയ്‌ക്ക് വരാതിരിക്കാന്‍ രണ്ടുപേര്‍ ചേര്‍ന്ന് വായ മൂടുകയും കൈ കെട്ടിയിടുകയും മറ്റൊരാള്‍ കാലുകളില്‍ ബലമായി പിടിക്കുകയും ചെയ്‌തിരുന്നു. ശേഷം, തന്‍റെ കൈയ്യും സ്വകാര്യ ഭാഗവും വുഡ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചതിന് ശേഷം അവര്‍ സ്ഥലം വിടുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
പരിക്കേറ്റ് ഉടന്‍ തന്നെ ബോധരഹിതനായി വീണു. ശേഷം, തന്‍റെ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേല്‍പ്പിച്ചതിന് ശേഷം ഇയാളുടെ മറ്റൊരു മകനെയും സഹോദരനെയും കൊല്ലുമെന്നും അര്‍പിത് ഭീഷണി മുഴക്കിയെന്നും പിതാവ് പരാതിയില്‍ പറയുന്നുണ്ട്.
സംഭവം നടന്ന് കുറച്ച് ദിവസത്തിന് ശേഷമാണ് ഇരയായ വ്യക്തി പരാതി നല്‍കുന്നത്. തുടര്‍ന്ന് പ്രതാപൂര്‍ എസ്എച്ച്ഒ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രതികള്‍ കൃത്യത്തിന് ശേഷം പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്നും ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പ്രതിയായ മകനും പരാതിക്കാരനും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ചില കാരണങ്ങളാല്‍ ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കുടുംബകാര്യങ്ങളില്‍ പിതാവിനെ മകന്‍ സംശയിച്ചിരുന്നു. പ്രതികള്‍ മദ്യപിച്ചെത്തിയായിരുന്നു ഇയാളെ ആക്രമിച്ചത്. പൊലീസ് പരാതിക്കാരനെ ചികിത്സിച്ച ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.