ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപെട്ടതിനെ തുടർന്ന് 13 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൂനൂരിൽ വച്ചാണ് ബുധനാഴ്‌ച 12.20ഓടെ അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സന്ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഇവരാണ് അപകട സമയത്ത് ബിപിൻ റാവത്തിനൊപ്പം ഹെലികോപ്‌റ്ററിലുണ്ടായിരുന്ന സൈനികർ
ലാൻസ് നായിക് ബി സായ് തേജ
ആന്ധ്രാപ്രദേശിലെ ചിറ്റൂരാണ് സായ് തേജയുടെ സ്വദേശം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ആയാണ് ബി.സായ് തേജ സേവനം അനുഷ്‌ഠിച്ചത്. ഭാര്യ ശ്യാമള, മകൻ മോക്ഷഗാന, മകൾ ദർശിനി എന്നിവർ ഉൾപ്പെടുന്നതാണ് സായ് തേജയുടെ കുടുംബം. കർഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
കുറുബ സമുദായത്തിൽ ജനിച്ച സായ് തേജ 2012ലാണ് ശിപായിയായി ഇന്ത്യൻ ആർമിയിൽ സേവനം ആരംഭിക്കുന്നത്. തുടർന്ന് പാര കമാൻഡോ ട്രെയിനിങ്ങിനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷമാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ പിഎസ്ഒ ചുമതലയിലേക്ക് സായ് തേജ വരുന്നത്.
അപകടം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്‌ച 8.45ഓടെയാണ് ഭാര്യയോടും കുട്ടികളോടും അദ്ദേഹം വീഡിയോ കോളിൽ സംസാരിച്ചത്. രാഷ്‌ട്രീയ നേതാക്കളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പടെ സമൂഹത്തിന്‍റെ വിവിധ മേഖലയിൽ ഉള്ളവർ സായ് തേജയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ലാൻസ് നായിക് വിവേക് കുമാർ
ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ജയ്‌സിങ്പൂർ സ്വദേശിയാണ് ലാൻസ് നായിക് വിവേക് കുമാർ. ബിപിൻ റാവത്തിന്‍റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ (പിഎസ്‌ഒ) പദവിയിലാണ് വിവേക് കുമാർ പ്രവർത്തിച്ചിരുന്നത്. സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അൽലേഖർ, മുഖ്യമന്ത്രി ജയ്‌ഫാം ഠാക്കൂർ തുടങ്ങിയവർ അടക്കം വിവേക് കുമാറിന്‍റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി.
നായിക് ഗുർസേവക് സിങ്
സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസറാണ് പഞ്ചാബിലെ താൺ തരൺ ഗ്രാമത്തിൽ നിന്നുള്ള കോർപറൽ ഗുർസേവക് സിങ്. പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് ഗുർസേവക് സിങ് സേനയിലെത്തുന്നത്. രണ്ട് ആഴ്‌ചക്ക് മുമ്പാണ് അദ്ദേഹം ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. സത്യസന്ധനും കഠിനാധ്വാനിയുമാണ് ഗുർസേവക് സിങ് എന്നാണ് അദ്ദേഹത്തെപ്പറ്റിയുള്ള പൊതു അഭിപ്രായം.
ഹവീൽദാർ സത്‌പാൽ റായ്
ബിപിൻ റാവത്തിന്‍റെ സെക്യൂരിറ്റി ഗാർഡും ഗൂർഖ റൈഫിൾസിലെ ഹവീൽദാറുമായിരുന്നു സത്‌പാൽ റായ്. ഡാർജിലിംഗിലെ ഗ്ലെൻബേണിലെ മനേദരയാണ് അദ്ദേഹം സ്വദേശം. സിലിഗുരിയിലെ ഹാഷ്മി ചൗക്കിൽ മെഴുകുതിരികൾ കത്തിച്ച് ജനങ്ങൾ സത്‌പാൽ റായിക്ക് ആദരാഞ്ജലി അർപ്പിച്ചു.
READ MORE: Mi-17V-5 Helicopter crash: സൈനിക ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി