ധര്‍മപുരി(തമിഴ്‌നാട്): തന്‍റെ വീട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കര്‍ഷകന്‍ കലക്‌ടേറിലേക്ക് അപേക്ഷയുമായി എത്തിയപ്പോള്‍ ഉദ്യോഗസ്ഥരൊക്കെ ഒന്ന് ഞെട്ടി. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ കര്‍ഷകന്‍ ഗണേശനാണ്(57) തന്‍റെ രണ്ട് പെണ്‍മക്കളും ഭാര്യയുമായി ധര്‍മപുരി കലക്‌ടറേറ്റില്‍ എത്തിയത്.
ഗണേശന് ഹെലികോപ്റ്റര്‍ ഒന്നുമില്ല. എന്നാല്‍ ഒരു മകളുടെ കൈയില്‍ ഒരു ഹെലിക്‌പോറ്റര്‍ കളിപ്പാട്ടവും അടുത്ത മകളുടെ കൈയില്‍ ഹെലികോപ്റ്ററിന്‍റെ ചിത്രവും ഉണ്ടായിരുന്നു. തന്‍റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇത്തരമൊരു അപേക്ഷ ഗണേശന്‍ നല്‍കുന്നത്.
കരമാര്‍ഗം തന്‍റെ വീട്ടിലേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഗണേശന്‍ പറയുന്നു. വീട്ടിലേക്കുള്ള വഴികളെല്ലാം പലരും അടച്ചു. വീട്ടിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് കഴിഞ്ഞ നാല് മാസമായി താമസിക്കുന്നത്. ഈ കാര്യം ചൂണ്ടികാട്ടി പൊലീസിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതാണ്.
എന്നാല്‍ ഈ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. വീട്ടിലെത്തണമെങ്കില്‍ വായു മാര്‍ഗമെ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. ഇങ്ങനെ വ്യത്യസ്‌തമായ പരാതി കൊണ്ടെങ്കിലും അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ട് തന്‍റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗണേശന്‍.