മുംബൈ : വിവാഹമോചിതയായ സ്‌ത്രീക്ക് വരുമാനമുണ്ടെങ്കിലും അവര്‍ക്ക് ജീവനാംശം അര്‍ഹതപ്പെട്ടതെന്ന് മുംബൈ ഹൈക്കോടതി. മുന്‍ ഭാര്യയ്‌ക്ക് വരുമാനമുള്ളതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മുന്‍ ഭാര്യ പ്രതിദിനം 100 മുതല്‍ 150 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അവര്‍ സ്വയംപര്യാപ്‌തയാണെന്നും ഭര്‍ത്താവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.
2005 ൽ വിവാഹിതരായ ദമ്പതികള്‍ 2015 ഓടെ മോചിതരായി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് സ്‌ത്രീ പരാതി നല്‍കിയിരുന്നു. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ആദ്യം മജിസ്‌ട്രേറ്റ് കോടതിയേയും പിന്നീട് കോല്‍ഹാപൂര്‍ സെഷന്‍സ് കോടതിയേയും സമീപിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് പത്ത് വയസായ ഒരു മകനുണ്ട്.
മകന് 2,000 രൂപ വീതം പ്രതിമാസം നൽകാന്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ജീവനാംശം തനിക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി സ്‌ത്രീ കോല്‍ഹാപൂര്‍ കോടതിയെ സമീപിച്ചു. കോടതി ഭാര്യയ്‌ക്കും കുഞ്ഞിനും 5,000 രൂപ വീതം പ്രതിമാസം ജീവനാംശം നല്‍കണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് ഭര്‍ത്താവ് മുംബൈ ഹൈക്കോടിതിയെ സമീപിച്ചത്. എന്നാല്‍ ഭാര്‍ത്താവിന്‍റെ ഹര്‍ജി തള്ളിയ കോടതി കോല്‍ഹാപൂര്‍ കോടതിയുടെ വിധി ശരിവച്ചു.
Also Read: ഭാര്യയ്ക്ക് സര്‍ക്കാര്‍ പെന്‍ഷനുണ്ടെങ്കിലും ജീവനാംശം നല്‍കണമെന്ന് കോടതി
വിവാഹമോചിതയായ സ്‌ത്രീ ജോലിക്കാരിയായിരിക്കാം പ്രതിദിനം സമ്പാദിക്കുന്നുണ്ടാവാം, എന്നാല്‍ ഭര്‍ത്താവ് ഭാര്യയെ പരിപാലിക്കുകയെന്നത് നിയമത്തില്‍ പറയുന്നതാണെന്നും കോടതി പറഞ്ഞു. വരുമാനമുണ്ടെന്നത് പറഞ്ഞ് സ്‌ത്രീയുടെ ജീവനാംശത്തിനുള്ള അവകാശം തടസപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.