കാഠ്‌മണ്ഡു : പൈലറ്റുമാർക്ക് കൃത്യമായ നിർദേശം കിട്ടിയതിനെ തുടർന്ന് വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്‌ക്ക്. എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസിന്‍റെ വിമാനവുമാണ് ആകാശത്തുവച്ച് കൂട്ടിയിടിയുടെ വക്കിൽ എത്തിയത്. എന്നാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പൈലറ്റുമാർക്ക് കൃത്യമായ വിവരങ്ങൾ നൽകിയത് വലിയ അപകടം ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ച രാവിലെ മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാൾ എയർലൈൻസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനവും കൂട്ടിയിടിക്കേണ്ട സാഹചര്യത്തിൽ എത്തുകയായിരുന്നു. ഒരേ സ്ഥലത്ത് വച്ച് എയർ ഇന്ത്യ വിമാനം 19,000 അടിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ നേപ്പാൾ എയർലൈൻസ് വിമാനം 15,000 അടി ഉയരത്തിലേയ്‌ക്ക് പറക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാറിൽ തെളിഞ്ഞതോടെ നേപ്പാൾ എയർലൈൻസിന്‍റെ വിമാനം 7,000 അടിയിലേക്ക് താഴ്‌ത്തുകയായിരുന്നു.
ജീവനക്കാർക്ക് സസ്‌പെൻഷൻ : സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സംഭവസമയത്ത് എയർ ട്രാഫിക് കൺട്രോൾ റൂമിന്‍റെ ചുമതലയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അശ്രദ്ധയുടെ പേരിൽ നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി സസ്‌പെൻഡ് ചെയ്‌തതായി സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു. എയർ ഇന്ത്യയിൽ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യൻ കമ്മിഷന് കത്തയച്ച് സിഎഎഎൻ: സംഭവത്തോടെ എയർ ഇന്ത്യ പൈലറ്റുമാരെ നിരോധിക്കാൻ സിഎഎഎൻ തീരുമാനിച്ചു. വിഷയത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ (സിഎഎഎൻ) ഇന്ത്യൻ കമ്മിഷന് കത്തയച്ചു. മാർച്ച് 23 ന് നടന്ന ഈ സംഭവത്തെ കുറിച്ച് സിഎഎഎൻ ജീവനക്കാരെ ചോദ്യം ചെയ്‌തതിൽ പൈലറ്റ് ഇൻ കമാൻഡ് തെറ്റ് ഏറ്റുപറഞ്ഞതായും ക്ഷമചോദിച്ചതായും സിഎഎഎൻ വൃത്തങ്ങൾ അറിയിച്ചു.
വിമാനം വഴിതിരിച്ചുവിട്ടു : കഴിഞ്ഞ മാസം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ദമാമിലേയ്‌ക്ക് പുറപ്പെട്ട കോഴിക്കോട് - ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വഴി തിരിച്ചുവിട്ടിരുന്നു. വിമാനം പറന്നുയരുന്നതിനിടെ പിൻവശം റൺവേയിൽ തട്ടിയതിനെ തുടർന്ന് ഹൈഡ്രോളിക് തകരാർ ഉണ്ടാവുകയായിരുന്നു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
also read : എയർ ഇന്ത്യ വിമാനത്തിൽ പുകവലി, ക്രൂ അംഗങ്ങളോട് മോശം പെരുമാറ്റം ; ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെതിരെ കേസ്
ആദ്യം കോഴിക്കോട് ഇറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സുരക്ഷ മുൻനിർത്തിയാണ് തിരുവനന്തപുരത്ത് ഇറക്കാൻ അനുമതി നൽകിയത്. വിമാനത്തിനകത്ത് 176 യാത്രക്കാരും ആറ് കാബിൻ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.