പട്‌ന/ ബിഹാർ : പട്‌നയിൽ മൂന്ന് വയസുകാരിയെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ഏഴ് വയസുകാരൻ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയതായി പരാതി. പിർബഹോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗാന്ധി മൈതാന്‍ പ്രദേശത്ത് താമസിക്കുന്ന ആതിഫ് ആസാദിന്‍റെ ഇളയമകൾ സന്യയെയാണ് കാണാതായത്.
തന്‍റെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കുടുംബത്തിലെ ഷിബു എന്ന കുട്ടി മകളെ 500 രൂപയ്‌ക്ക് വിൽപ്പന നടത്തി എന്നാണ് പിതാവിന്‍റെ ആരോപണം. മൂന്ന് ദിവസം മുൻപാണ് പെണ്‍കുട്ടിയെ കാണാതായത്. വീടിന് പുറത്ത് സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷിബുവിനൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കർബിഗഹിയ ഭാഗത്തുള്ള പത്താം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം ഭിക്ഷാടനം നടത്തുന്ന യുവതിക്ക് കുട്ടിയെ 500 രൂപയ്ക്ക് വിറ്റതായി ഷിബു പറഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം അവകാശപ്പെടുന്നു.പിന്നാലെ കുടുംബാംഗങ്ങൾ അവിടെയെത്തി പരിശോധന നടത്തിയെങ്കിലും അവിടെയും കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് പിർബഹോർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയിൻമേൽ അന്വേഷണം ആരംഭിച്ച പൊലീസ് ഷിബുവിനേയും ഭിക്ഷക്കാരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. അതേസമയം പെൺകുട്ടിയെ വിറ്റത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.