തിരുന്നല്‍വേലി : രണ്ട് പേരപ്പെണ്‍മക്കള്‍ ചേര്‍ന്ന് സ്വന്തം അമ്മൂമ്മയെ കത്തിച്ചുകൊന്നു. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലി ജില്ലയിലെ പെട്ടായിലാണ് നടുക്കുന്ന സംഭവം. അമ്മൂമ്മയെ നോക്കുന്നത് ഒരു 'ഭാര'മായി മാറിയതിനാലാണ് ഈ പൈശാചിക കൃത്യം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 3നാണ്(3.05.2022) കത്തിക്കരിഞ്ഞ നിലയിലുള്ള ശവശരീരം ആദം നഗറിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് കണ്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.തൊണ്ണൂറ് വയസുള്ള സുബ്ബമ്മാളിന്‍റേതാണ് ശവശരീരമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
മരിയമ്മാള്‍, മേരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സുബ്ബമ്മാള്‍ ഇവരുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വീട്ടില്‍ നിന്നും അമ്മൂമ്മയെ ഓട്ടോയില്‍ ആദം നഗറില്‍ എത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഓട്ടോഡ്രൈവറയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.