ഭുവനേശ്വർ: 2010-11 മുതൽ 2020-21 മാർച്ച് 22 വരെ 843 ആനകളാണ് ഒഡിഷയിൽ ചരിഞ്ഞതെന്ന് ഒഡിഷ വനം പരിസ്ഥിതി മന്ത്രി ബിക്രം കേശാരി അരുഖ സംസ്ഥാന നിയമസഭയിൽ പറഞ്ഞു. 14 ആന ഇടനാഴികളും മൂന്ന് ആന സംരക്ഷണ കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇടനാഴികളും മറ്റും പുനസ്ഥാപിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികൾക്കും കോമ്പൻസേറ്ററി വനവൽകരണ ഫണ്ട് മാനേജ്മെന്‍റ് ആൻഡ് പ്ലാനിങ് അതോറിറ്റി (സിഎഎംപിഎ) പദ്ധതിക്കും കീഴിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെ 1070.69 ലക്ഷം രൂപ ചെലവഴിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 426.91 ചതുരശ്ര കിലോമീറ്റർ സംബാൽപൂർ ആന സംരക്ഷണ കേന്ദ്രം 1797.048 ചതുരശ്ര കിലോമീറ്ററായും മഹാനദി ആന സംരക്ഷണ കേന്ദ്രത്തിന്‍റെ 1038.3 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം 2,181.521 ചതുരശ്ര കിലോമീറ്ററായും വ്യാപിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്.