ഹൈദരാബാദ്: എട്ടും ഒൻപതും വയസുള്ള കുട്ടികൾക്ക് ഒരു മാസം കൊണ്ട് എത്രരൂപ ചെലവാക്കാൻ കഴിയും? വളരെ ചെറിയ തുകയാകും എന്നാകും മനസിൽ വരിക. പക്ഷേ ഹൈദരാബാദ് സ്വദേശികളായ സഹോദരങ്ങൾ 20 ദിവസം കൊണ്ട് നഷ്‌ടപ്പെടുത്തിയത് 4 ലക്ഷത്തോളം രൂപയാണ്. ഇവരുടെ സുഹൃത്തുക്കളായ 15ഉം 16ഉം വയസുള്ള സഹോദരങ്ങളാണ് ഇവരിൽ നിന്ന് 4 ലക്ഷത്തോളം രൂപ തന്ത്രത്തിൽ അടിച്ചു മാറ്റിയത്.
ഹൈദരാബാദിലെ മേഡ്‌ചൽ ജില്ലയിലെ ജീഡിമെറ്റ്‌ലയിലെ എസ്‌ആർ നായക് നഗറിൽ താമസിക്കുന്ന സഹോദരങ്ങളായ ചിന്തു(9), ബന്തു(8) എന്നിവരാണ് സുഹൃത്തുക്കളായ കുട്ടികളുടെ ആവശ്യപ്രകാരം വീട്ടിലെ അലമാരയിൽ നിന്ന് പണം അടിച്ചു മാറ്റിയത്. എല്ലാ ദിവസവും കളിക്കാൻ പോകുമ്പോൾ ഇവർ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പണം ഉപയോഗിച്ച് ലഘു ഭക്ഷണങ്ങൾ കഴിക്കാറുണ്ടായിരുന്നു.
വാച്ചും മൊബൈലും: ഇത് മനസിലാക്കിയ സുഹൃത്തുക്കളായ സഹോദരങ്ങൾ ഇവരിൽ നിന്ന് പണം തട്ടാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ നല്ലൊരു വാച്ച് വാങ്ങിത്തരാമെന്നും അതിനായി 2000 രൂപ കൊണ്ടുവരണമെന്നും സുഹൃത്തുക്കളിൽ ഒരാൾ ചിന്തുവിനോട് പറഞ്ഞു. തുടർന്ന് ചിന്തു വീട്ടിലെ ലോക്കറിൽ നിന്ന് 2000 രൂപ കൊണ്ടുവന്ന് കൊടുത്തു. പിന്നാലെ കളിപ്പാട്ടം വാങ്ങിത്തരാം എന്ന് പറഞ്ഞും ഇവർ 2000 രൂപകൂടി തട്ടിയെടുത്തു.
പണം കിട്ടുമെന്ന് ഉറപ്പായതോടെ ഇവർ കൂടുതൽ കള്ളങ്ങൾ പറഞ്ഞ് പണം തട്ടാൻ തുടങ്ങി. മൊബൈൽ ഫോണ്‍, ഹെഡ് സെറ്റ് തുടങ്ങിയവ വാങ്ങിത്തരാം എന്ന് പറഞ്ഞ് വലിയൊരു തുക തന്നെ തട്ടിയെടുത്തു. പിന്നീടൊരു ദിവസം സുഹൃത്തിന് അപകടം പറ്റി എന്ന് പറഞ്ഞും ഇവർ പണം തട്ടി. ഇത്തരത്തിൽ 20 ദിവസത്തിനിടെ 4 ലക്ഷത്തോളം രൂപയാണ് സുഹൃത്തുക്കൾ ഇവരിൽ നിന്ന് കട്ടെടുത്തത്.
പണത്തിന് പകരം ഫാൻസി നോട്ട്: പതിയെ ലോക്കറിലെ പണവും തീർന്നു. പിതാവ് അറിഞ്ഞാൻ ശകാരിക്കുമോ എന്ന ഭയത്താൽ ഇവർ കടയിൽ നിന്ന് കുറച്ച് ഫാൻസി നോട്ടുകൾ വാങ്ങി ലോക്കറിൽ വച്ചു. ദിവസങ്ങൾക്ക് ശേഷം കുട്ടികളുടെ പിതാവ് ലോക്കർ തുറന്നപ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ ചോദ്യം ചെയ്‌തപ്പോഴാണ് ഇരുവരും പറ്റിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
പിന്നാലെ പൊലീസ് കുട്ടികളെ കബളിപ്പിച്ച സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് വാച്ചുകൾ, മൊബൈൽ ഫോണുകൾ, ഹെഡ്‌ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കുട്ടികളിൽ നിന്ന് തട്ടിയെടുത്ത ബാക്കി പണം ഇരുവരും സിനിമകൾ കാണുന്നതിനും ഓണ്‍ലൈൻ ഗെയിമുകൾ കളിക്കന്നതിനും വിനിയോഗിക്കുകയായിരുന്നു എന്നും പൊലീസ് കണ്ടെത്തി.