മുംബൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രാദേശിക ലോക്ക്ഡൗണും മറ്റും കാരണം 75 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) തിങ്കളാഴ്ച അറിയിച്ചു. ഇതോടെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തി.
ഈ അവസ്ഥ തന്നെയായിരിക്കും തുടര്‍ന്നും ഉണ്ടാവുകയെന്നും സിഎംഐഇ മേധാവി മഹേഷ് വ്യാസ് അറിയിച്ചു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 75 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും, ഇത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനത്തിലെത്തി. നഗരപ്രദേശങ്ങളിൽ 9.78 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ഇത് 7.13 ശതമാനവുമാണ്. മാര്‍ച്ച് മാസത്തില്‍ ദേശീയ തൊഴിലില്ലായ്മാ നിരക്ക് 6.50 ശതമാനമായിരുന്നു.
കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ നടത്തിയ ലോക്ക്ഡൗണും മറ്റുമാണ് സാമ്പത്തിക മേഖലയെ തകര്‍ത്തതും ജനങ്ങളുടെ തൊഴിലിനെ ബാധിച്ചതും. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍ കഴിഞ്ഞ ദിവസം 4 ലക്ഷം കടന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമാണെന്ന് തോന്നിയാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്.