ഹൈദരാബാദ്: ജനങ്ങളെ സേവനത്തിന് പ്രായം ഒരു തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് കെ ആർ ശ്രീനിവാസ് റാവു എന്ന 70 വയസുകാരൻ. കൊവിഡ് മഹാമാരിയിൽ പെട്ടുപോയ ജനങ്ങളെ സഹായിക്കുന്നതിനായി തന്‍റെ സൈക്കിളിലാണ് റാവുവിന്‍റെ യാത്ര.
മുൻ എയർ ഇന്ത്യ ജീവനക്കാരനായിരുന്ന റാവു വിരമിച്ച ശേഷവും ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്താലാണ് സൈക്കിളിൽ സേവനം നടത്തുന്നത്. ഇതിലൂടെ സൈക്ലിംഗിനോടുള്ള അഭിനിവേശവും ദരിദ്രരെ സഹായിക്കാനുള്ള ആഗ്രഹവും നിറവേറ്റാൻ സാധിച്ചു എന്നാണ് റാവു പറയുന്നത്.
കൊവിഡ് കേസുകൾ ഉയർന്ന സമയത്താണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഹൈദരാബാദ് റിലീഫ് റൈഡേഴ്സ് എന്ന സംഘടനയിൽ ശ്രീനിവാസ് റാവു ചേർന്നത്. സൈക്ലിംഗിനെക്കുറിച്ചും പകർച്ചവ്യാധിയെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടനയിൽ ചേർന്നത്.
ALSO READ: 'രാത്രിയില്‍ സ്‌ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം'; നിര്‍ദേശവുമായി തെലങ്കാന ആർ.ടി.സി
സംഘടനയിലൂടെ ആവശ്യക്കാർക്ക് പലചരക്ക് സാധനങ്ങളും, മരുന്നുകളും സൈക്കിളിലൂടെ എത്തിക്കാൻ കഴിഞ്ഞു. പാരിസ്ഥിതിക പ്രശനങ്ങൾ കണക്കിലെടുത്ത് ജനങ്ങൾ സൈക്കിളിന്‍റെ ഉപയോഗം വർധിപ്പിക്കണമെന്നും ആവശ്യമുള്ളവരെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും ശ്രീനിവാസ് റാവു പറയുന്നു.