കൊല്‍ക്കത്ത: ബംഗാളില്‍ ആറാം ഘട്ട വോട്ടിങ് പുരോഗമിക്കുന്നതിനിടെ പോളിങ് ഏജന്‍റുമാരെ കാണാനില്ലെന്ന് പരാതി. ടിഎംസിയുടെ ജഗ്‌ദാലില്‍ നിന്നുള്ള ഏഴ് പോളിങ് ഏജന്‍റുമാരെ കാണാനില്ലെന്നാണ് ആരോപണം. ഇവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ടിഎംസി പ്രാദേശിക നേതാക്കള്‍ അറിയിച്ചു.
പൊതുവെ ആറാം ഘട്ടം സമാധാനപരമായാണ് പുരോഗമിക്കുന്നതെങ്കിലും അങ്ങിങ്ങായി ചില ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജഗ്‌ദാലിലെ ബൂത്ത് നമ്പര്‍ 96, 97, 98, 99, 99A, 100, 100A എന്നീ ബൂത്തുകളിലെ ഏജന്‍റുമാരെയാണ് കാണാതായിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
ജഗ്‌ദാല്‍ അസംബ്ലി മണ്ഡലത്തില്‍ വോട്ടിങ് സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും മേഘ്‌ന മില്ലിന് സമീപം നേരത്തെ ബോംബാക്രമണം നടന്നതായും ടിഎംസിയുടെ പ്രാദേശിക നേതാവ് പറഞ്ഞു. നാല് ജില്ലകളിലായി 43 നിയോജക മണ്ഡലങ്ങളിൽ പോളിങ് നടക്കുന്ന ആറാം ഘട്ടത്തിൽ 27 സ്ത്രീകൾ ഉൾപ്പെടെ 306 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
കൂടുതല്‍ വായനയ്‌ക്ക്; ബംഗാളിൽ ആറാം ഘട്ട പോളിങ് ആരംഭിച്ചു