മംഗലാപുരം: കേരളത്തിൽ നിന്നും വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളുമായി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച ഏഴ് പേർ പിടിയിലായി. അനധികൃതമായി എഡിറ്റ് ചെയ്ത വ്യാജസർട്ടിഫിക്കറ്റുകൾ ഫോണുകളിലാക്കി മംഗലാപുരത്തേക്ക് കാറിൽ കടക്കാൻ നോക്കിയ രണ്ട് വിദ്യാർഥികളടങ്ങിയ നാലംഗ സംഘത്തെ കർണാടക പൊലീസ് തലപ്പാടിയിൽവെച്ച് പിടികൂടി.
വ്യാജ സർട്ടിഫിക്കറ്റുകളുമായി സ്ത്രീകളും
സംഘത്തിലുണ്ടായിരുന്ന കബീർ എന്നൊരാളാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. കേരളത്തിൽ നിന്നും എത്തിയ മൂന്ന് സ്ത്രീകളും പിടിയിലായിരുന്നു. എന്നാൽ ഇവർക്ക് തങ്ങളുടെ കയ്യിലുണ്ടായിരുന്നത് വ്യാജ സർട്ടിഫിക്കറ്റാണ് എന്ന് അറിയില്ലായിരുന്നു. അതിനാൽ മൂവരെയും കേസൊഴിവാക്കി വിട്ടയച്ചു. മംഗലാപുരത്തെ ഒമ്പത് ചെക്ക്പോസ്റ്റുകൾ മറികടന്നാണ് ഇവർ എത്തിയതെന്നും മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണർ എൻ ശശികുമാർ പറഞ്ഞു.
കാറില്‍ എത്തിയ നാലംഗ സംഘത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് കേസുകൾ അതിരൂക്ഷമായി വർധിച്ചതിനാൽ കർണാടകയിലെ അതിർത്തി പ്രദേശങ്ങളിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്.
Also read: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം