ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ കേന്ദ്ര സർക്കാറില്‍ പുതിയ നടപടി. ഇനി മുതൽ കോവിൻ വെബ്സൈറ്റിൽ ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് പേർക്ക് രജിസ്റ്റർ ചെയ്യാം. ഇതുവരെ നാല് അംഗങ്ങൾക്കായിരുന്നു ഒരു നമ്പറിൽ നിന്നും രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നത്.
കോവിൻ വെബ്‌സൈറ്റിന്‍റെ പുതിയ അപ്‌ഡേഷൻ പ്രകാരം ഗുണഭോക്താക്കൾക്ക് വാക്‌സിനേഷൻ സ്ഥിതി അസാധുവാക്കാനും സാധിക്കും. പൂർണമായും വാക്‌സിനേഷൻ എടുത്തതിൽ നിന്ന് ഭാഗികമായി വാക്‌സിൻ എടുത്തതിലേക്കോ വാക്‌സിനേഷൻ എടുക്കാത്തതിലേക്കോ മാറ്റാനും ഭാഗികമായി വാക്‌സിൻ എടുത്തതിൽ നിന്നും വാക്‌സിൻ എടുക്കാത്തതിലേക്കും മാറ്റാൻ സാധിക്കും.
വാക്‌സിനേഷന്‍റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ വാക്‌സിനേറ്റർമാർക്കുണ്ടാകുന്ന പിശകുകൾ മൂലം വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റായ വിവരങ്ങൾ വന്നാൽ അത് ഗുണഭോക്താക്കൾക്ക് മാറ്റാൻ സാധിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾക്കായി അപേക്ഷ സമർപ്പിച്ച ശേഷം 3 മുതൽ 7 ദിവസത്തിനുള്ളിൽ മാറ്റം വെബ്സൈറ്റിൽ അപ്‌ഡേറ്റാകും.
തുടർന്ന് നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് ഗുണഭോക്താക്കൾക്ക് അടുത്തുള്ള വാക്‌സിനേഷൻ സെന്‍ററിൽ നിന്നും വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
Also Read: 'വേലി തന്നെ വിളവുതിന്നുന്നത് പോലെ'; സിപിഎം സമ്മേളനങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി