ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് 50 ശതമാനത്തിൽ കൂടുതൽ സംവരണം ഏർപ്പെടുത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തരവ്. മഹാരാഷ്‌ട്രയിൽ മറാത്താ ജനവിഭാഗത്തിന് 50 ശതമാനത്തിൽ കൂടുതൽ സംവരണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്‌തു കൊണ്ടു സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിലും തൊഴിലിലും 13 ശതമാനം സംവരണം അനുവദിക്കുന്ന ഭേദഗതി റദ്ദാക്കിയതായി സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
ഗെയ്‌ക്വാഡ് കമ്മിഷനോ ഹൈക്കോടതിയോ സംവരണം ഉയർത്തുന്നത് സംബന്ധിച്ചുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാൽ സംവരണം ഉയർത്തേണ്ട സാഹചര്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. മഹാരാഷ്‌ട്ര സർക്കാർ മറാത്താ വിഭാഗത്തിന് 13 ശതമാനം കൂടി സംവരണം വർധിപ്പിച്ചതോടെ സംസ്ഥാനത്തെ മൊത്തം സംവരണം 65 ശതമാനമായി ഉയർത്തിയിരുന്നു. മറാത്ത സംവരണത്തിലൂടെ 2020 സെപ്‌റ്റംബർ ഒമ്പത് വരെ പ്രവേശനം ലഭിച്ച പോസ്റ്റ്ഗ്രാജൂവേറ്റ് മെഡിക്കൽ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമാകില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.