ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരി സെക്‌ടറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു ആര്‍മി ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
നിയന്ത്രണ രേഖയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്നും ചാമരര്‍ വനത്തിനുള്ളില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ അനന്ത്നാഗ് ജില്ലയിലെ ഖഗുണ്ട് വെരിനാഗിലും ബന്ദിപോരയിലെ ഷാഗുണ്ടിലും നടന്ന രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെരിനാഗില്‍ ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരുന്ന സ്ഥലം സുരക്ഷാസേന വളയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതോടെ പ്രത്യാക്രമണവുമുണ്ടായി.
ഷാഗുണ്ട് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിലൊരാള്‍ ലഷ്‌കറെ ത്വയിബ ഭീകരന്‍ ഇംതിയാസ് അഹമ്മദ് ദാർ എന്നയാളാണെന്ന് കശ്‌മീർ പൊലീസ് മേധാവി വിജയ് കുമാർ അറിയിച്ചു. ഷാഗുണ്ട് മേഖലയിൽ അടുത്തിടെ സാധാരണ ജനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു