ലഖ്നൗ : മാനസികാസ്വാസ്ഥ്യമുള്ള 18 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 47കാരന് 20 വർഷം തടവും 2.20 ലക്ഷം രൂപ പിഴയും വിധിച്ച് ലഖ്നൗവിലെ പോക്സോ കോടതി. പിഴ അടക്കാത്ത പക്ഷം അഞ്ച് വർഷം കൂടി തടവ് അനുഭവിക്കണം. പോക്സോ കോടതി അഡിഷണൽ സ്പെഷ്യൽ ജഡ്ജ് അമർ സിങ് ആണ് വിധി പ്രസ്താവിച്ചത്.
2018 ജൂലൈ 9നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ രാഘവേന്ദ്ര തിവാരി പെൺകുട്ടിയുടെ വീട്ടിൽ ഇടയ്ക്കിടെ ഡ്രൈവറായി വരാറുണ്ടായിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയും രണ്ട് ബന്ധുക്കളും മഥുരയിൽ ഗോവർധന് പ്രദക്ഷിണത്തിന് പോയപ്പോഴായിരുന്നു സംഭവം.
Also Read: മുംബൈയില്‍ ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു ; മുഖ്യപ്രതി പിടിയില്‍
ക്ഷീണം തോന്നിയതിനാൽ കുട്ടി കാറിനടുത്തേക്ക് മടങ്ങി. ആ സമയം കാറിലുണ്ടായിരുന്ന പ്രതി കുട്ടിയെ കാറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോണും പ്രതി കൈവശപ്പെടുത്തി.
പെൺകുട്ടി അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.